മാഡ്രിഡ്: പിഎസ്ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. അഞ്ച് വര്‍ഷ കരാറാണ് റയല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതെസമയം എംബാപ്പെയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബുകളും രംഗത്തുണ്ട്.
2024ല്‍ പിഎസ്ജിയുമായി അവസാനിക്കുന്ന കരാര്‍ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് കിലിയന്‍ എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡ് വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. വാര്‍ഷിക പ്രതിഫലമായി 50 ദശലക്ഷം യൂറോയും അഞ്ച് വര്‍ഷ കരാറുമാണ് ഓഫര്‍. വന്‍തുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്. അതെസമയം റയലും എംബാപ്പെയും കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇക്കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ട്രാന്‍സ്ഫര്‍ തുക നല്‍കാതെ പിഎസ്ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാവും വരെ റയല്‍ എംബാപ്പെയ്ക്കായി ഒരു വര്‍ഷം കൂടി കാത്തിരിക്കും. കരാര്‍ പുതുക്കാത്ത പക്ഷം ഈ സീസണില്‍ തന്നെ എംബാപ്പെ ടീം വിട്ടുപോകണമെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതെസമയം ലോകത്തിലെ ഏറ്റവും വിലയേറിയ താരത്തെ ട്രാന്‍സ്ഫര്‍ ഫീസില്ലാതെ വിട്ടുനല്‍കില്ലെന്നും കരാര്‍ പുതുക്കുമോ ഇല്ലയോ എന്ന് ഈ മാസം അവസാനിക്കും മുന്‍പ് അറിയിക്കണമെന്നുമാണ് പിഎസ്ജിയുടെ നിലപാട്. റയല്‍ ട്രാന്‍സ്ഫര്‍ ഫീസ് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ എംബാപ്പെ കരാര്‍ പുതുക്കില്ലെന്നും ഉറപ്പായി.
ഇതോടെ മറ്റ് ക്ലബുകളുടെ ഓഫര്‍ വന്നാല്‍ പിഎസ്ജി എംബാപ്പെയെ വിട്ടുനല്‍കാനുള്ള സാധ്യതയും കൂടി. പ്രീമിയര്‍ ലീഗ് ക്ലബുകളായ ലിവര്‍പൂളും ആഴ്സണലുമാണ് എംബാപ്പെയെ സ്വന്തമാക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച മറ്റ് ക്ലബുകള്‍. ഇവര്‍ക്കു പുറമെ എംബാപ്പെ സ്വന്തമാക്കാനുള്ള അപ്രതീക്ഷിത നീക്കവുമായി ചെല്‍സി രംഗത്തെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.