ജയ്പൂര്‍: ഐപിഎല്ലില്‍ മിന്നും വിജയങ്ങളുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തിരിച്ചടിച്ച് ഒന്നാം സ്ഥാനം തിരികെ നേടിയ രാജസ്ഥാന്‍ റോയല്‍സ് വിജയത്തിനു പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാസണിന്റെ ക്യാപ്റ്റന്‍സി മികവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ക്രിക് ഇന്‍ഫോയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സഞ്ജുവിന്റെ നായക മികവിനെ ധോണിയുമായി ശാസ്ത്രി താരതമ്യം ചെയ്തത്.
മത്സരത്തിലെ ഏത് സമ്മര്‍ദ്ദഘട്ടത്തിലും വളരെ ശാന്തനും സമചിത്തതയോടെ തീരുമാനമെടുക്കുന്നവനുമായ സഞ്ജുവില്‍ ധോണിയുടെ അതേ മികവുകളുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഞാന്‍ വളരെ കുറച്ചെ കണ്ടിട്ടുള്ളു. പക്ഷെ കണ്ടതില്‍വെച്ച് തന്നെ എനിക്ക് പറായാനാവും. അവന്‍ ധോണിയെപ്പോലെ ശാന്തനും സമചിത്തത വെടിയാത്ത നായകനുമാണ്. സഹതാരങ്ങളോട് തന്റെ മുഖത്തെ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത അവരോട് നല്ലരീതിയില്‍ ആശയവിനിമയം നടത്താന്‍ സഞ്ജുവിന് മിടുക്കുണ്ട്. സഞ്ജു ക്യാപ്റ്റനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്തോറം അവന്‍ കൂടുതല്‍ പരിചയ സമ്പന്നനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.
എന്നാല്‍ ഇതേ രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനും വിരാട് കോലി ഇന്ത്യന്‍ നായകനുമായിരുന്ന കാലത്തും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്നാണ് ആരാധകരുടെ മറുപടി. ഐപിഎല്ലില്‍ സഞ്ജുവിന്റെ പ്രകടനങ്ങളെയും ക്യാപ്റ്റന്‍സിയെയും വാഴ്ത്തുന്നവര്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്റെ കാര്യം വരുമ്പോള്‍ മറ്റ് പല മാനദണ്ഡങ്ങളും കണ്ടെത്തുമെന്നും ആരാധകര്‍ പറഞ്ഞു.