മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മത്സരം അവസാന ദിവസത്തിലേക്ക് നീങ്ങുന്നു. 538 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന വിദര്‍ഭ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ വിദര്‍ഭക്ക് ജയിക്കാന്‍ ഒരു ദിവസവും അഞ്ച് വിക്കറ്റും ശേഷിക്കെ 290 റണ്‍സ് കൂടി വേണം. 56 റണ്‍സുമായി അക്ഷയ് വാഡ്കറും 11 റണ്‍സോടെ ഹര്‍ഷ് ദുബെയുമാണ് ക്രീസില്‍.
74 റണ്‍സെടുത്ത മലയാളി താരം കരുണ്‍ നായരാണ് വിദര്‍ഭക്കായി പൊരുതിയത്. സ്‌കോര്‍ മുംബൈ 224, 418, വിദര്‍ഭ 105, 248-5. കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ 10-0 എന്ന സ്‌കോറിലാണ് നാലാം ദിനം വിദര്‍ഭ ക്രീസിലെത്തിയത്. ഓപ്പണര്‍മാരായ അഥര്‍വ ടൈഡെയും(32) ധ്രുവ് ഷോറെയും(28) സ്‌കോര്‍ 64ല്‍ നില്‍ക്കെ വീണപ്പോള്‍ വിദര്‍ഭ എളുപ്പം തോല്‍വി വഴങ്ങുമെന്ന് കരുതി.
ടീം സ്‌കോര്‍ 100 കടന്നതിന് പിന്നാലെ 32 റണ്‍സെടുത്ത അമന്‍ മൊഖാഡെയെയും യാഷ് റാത്തോഡിനെയും(7) വീഴ്ത്തി മുഷീര്‍ ഖാന്‍ ഇരട്ടപ്രഹമേല്‍പ്പിച്ചതോടെ നാലാം ദിനം തന്നെ മുംബൈ കിരീടം കൈപ്പിടിയിലൊതുക്കുമെന്നാണ് കരുതിയത്. എന്നാല്‍ കടുത്ത പ്രതിരോധവുമായി ക്രീസില്‍ നിന്ന കരുണ്‍ നായരും വാഡ്കറും ചേര്‍ന്ന് 90 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിദര്‍ഭക്ക് പ്രതീക്ഷ നല്‍കി.
നാലാം ദിനം കളി അവസാനിക്കുന്നതിന് മുമ്പ് കരുണ്‍ നായരുടെ പ്രതിരോധം ഭേദിക്കാന്‍ ആയത് മുംബൈക്ക് അവസാന ദിവസം പ്രതീക്ഷ നല്‍കുന്നുണ്ട്. 220 പന്ത് നേരിട്ട കരുണ്‍ നായര്‍ മൂന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സെടുത്തത്. അവസാന ദിനം വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്ഷയ് വാഡ്കര്‍ അത്ഭും കാട്ടിയാല്‍ മുംബൈയുടെ കിരീടമോഹങ്ങള്‍ വീണുടയും.