രാജ്‌കോട്ട്: രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മൂന്നാംദിനം ഇംഗ്ലണ്ട് 319ന് എല്ലാവരും പുറത്തായി.മത്സരത്തിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തപ്പോൾ കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.
ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
രണ്ടിന് 207 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശനിയാഴ്ച ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച്. ജോണി ബെയര്‍സ്‌റ്റോയ്ക്ക് നാല് പന്ത് മാത്രമായിരുന്നു ആയുയ്. റണ്‍സെടുക്കും മുമ്പ് കുല്‍ദീപ് യാദവ് ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി.
വൈകാതെ ഡക്കറ്റിനും മടങ്ങേണ്ടിവന്നു. കുല്‍ദീപാണ് ഇന്ത്യക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചത്. രണ്ട് സിക്‌സും 23 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡക്കറ്റിന്റെ ഇന്നിംഗ്‌സ്. ഡക്കറ്റ് മടങ്ങിയതോടെ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 290 എന്ന നിലയിലായി ഇംഗ്ലണ്ട്. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി.
ലഞ്ചിന് ശേഷം ബെന്‍ സ്‌റ്റോക്‌സിനെ (41) പുറത്താക്കി ജഡേജ ആദ്യ പ്രഹരമേല്‍പ്പിച്ചു. ഫോക്‌സിനെ സിറാജ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. റെഹാന്‍ അഹമ്മദിനേയും (6), ജെയിംസ് ആന്‍ഡേഴ്‌സണേയും (1) സിറാജ് ബൗള്‍ഡാക്കി. ടോം ഹാര്‍ട്‌ലിയെ (6) ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.