അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ മഴ കാരണം തടസപ്പെട്ടു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന മഴ! ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐക്ക് മൈതാനം ഉണക്കാനുള്ള അത്യാധുനിക സംവിധാനങ്ങളില്ല എന്നാണ് വിമര്‍ശനം. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഫൈനല്‍ മഴയ്ക്ക് ശേഷം പുനരാരംഭിക്കാന്‍ വൈകിയതോടെയാള്‍ ട്രോള്‍ മഴ പെയ്തിറങ്ങിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സിഎസ്‌കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തുകയായിരുന്നു. ഔട്ട്ഫീല്‍ഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞ് പരിശ്രമിക്കുകയാണ്. സ്റ്റേഡിയത്തില്‍ വീശിയടിച്ച കനത്ത കാറ്റ് പിച്ചും പരിസരവും പൂര്‍ണമായും മറയ്ക്കാന്‍ ഏറെ വിഷമമുണ്ടാക്കി.
ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്ക്വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. മത്സരം ഏറെ നേരം വൈകിയതോടെ 15 ഓവറായി ചുരുക്കിയിട്ടുണ്ട്.