ടെസ്‌റ്റിൽ നമ്പർ വൺ ബൗളറായി ആർ അശ്വിൻ; ആൻഡേഴ്‌സണെ മറികടന്നു

ജയിംസ് ആൻഡേഴ്‌സണെ മറികടന്ന് ഐസിസി റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ ടെസ്‌റ്റ് ബൗളറായി രവിചന്ദ്രൻ അശ്വിൻ.

author-image
Lekshmi
New Update
ടെസ്‌റ്റിൽ നമ്പർ വൺ ബൗളറായി ആർ അശ്വിൻ; ആൻഡേഴ്‌സണെ മറികടന്നു

ന്യൂഡൽഹി: ജയിംസ് ആൻഡേഴ്‌സണെ മറികടന്ന് ഐസിസി റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ ടെസ്‌റ്റ് ബൗളറായി രവിചന്ദ്രൻ അശ്വിൻ.ഡൽഹിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്‌റ്റിൽ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തിയതിൽ നിർണായകമായത് ഈ പ്രകടനമാണ്.കഴിഞ്ഞ ദിവസം വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനോട് ഇംഗ്ലണ്ട് ഒരു റണ്ണിന് തോറ്റതോടെയാണ് ആൻഡേഴ്‌സൺ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

2015ൽ ആദ്യമായി ഒന്നാം റാങ്ക് നേടിയ 36കാരനായ അശ്വിൻ, ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ ശേഷിക്കുന്ന രണ്ട് ടെസ്‌റ്റുകളിൽ മികച്ച പ്രകടനം നടത്തിയാൽ ഒന്നാം സ്ഥാനത്ത് തുടരും.അതേസമയം,പരിക്കിനെ തുടർന്ന് 2022 ഓഗസ്‌റ്റ് മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഇന്ത്യൻ ഫാസ്‌റ്റ് ബൗളർ ജസ്പ്രീത് ബുമ്ര നാലാം സ്ഥാനത്തേക്ക് ഉയർന്നു.

ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസൺ രണ്ട് സ്ഥാനം പിന്നോട്ട് പോയതിനെത്തുടർന്ന് പാകിസ്ഥാന്റെ ഷഹീൻ അഫ്രീദി ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ബൗളർമാരുടെ റാങ്കിംഗിൽ എട്ടാം സ്ഥാനത്തെത്തി.

ഐസിസി ടെസ്‌റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ജഡേജ ഒന്നാം സ്ഥാനവും അശ്വിൻ രണ്ടാം സ്ഥാനവും ഉറപ്പാക്കി.അതേസമയം, ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്തി.ബാറ്റർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷയ്‌നും സ്‌റ്റീവ് സ്‌മിത്തും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.

R Ashwin bowler andersson