അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവരും ഉറ്റുനോക്കുന്നത്
മത്സരം നടക്കാന്‍ പോകുന്ന പിച്ചിലേക്കാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച് തന്നെയാകും ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തിനായും ഉപയോഗിക്കുക.
അതായത് വേഗം കുറഞ്ഞ പിച്ചിലാകും മത്സരം.പന്ത് പിച്ച് ചെയ്ത ശേഷം ബാറ്റിലേക്കെത്താന്‍ സമയമെടുക്കും. ഇന്ത്യയ്ക്കെതിരേ മികച്ച തുടക്കം ലഭിച്ച ശേഷം പാകിസ്താന്‍ വെറും 191 റണ്‍സിന് ഓള്‍ഔട്ടായത് ഈ പിച്ചിലായിരുന്നു.
ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പിച്ച് വിശദമായി പരിശോധിച്ചു. കറുത്ത മണ്ണ് ഉപയോഗിച്ച് നിര്‍മിക്കുന്ന പിച്ചുകള്‍ സാധാരണ വേഗം കുറഞ്ഞവയായിരിക്കും. സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നവയായിരിക്കും ഇത്തരത്തിലുള്ള പിച്ചുകള്‍.
പരിശീലനത്തിനിടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും പിച്ച് പരിശോധിച്ചിരുന്നു. അദ്ദേഹം പിച്ചിന്റെ ചിത്രങ്ങളെടുക്കുകയും ചെയ്തു.
ഇതുവരെ നാല് മത്സരങ്ങളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നത്. അതില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.
ഇവിടെ ആദ്യം ബാറ്റ് ചെയ്ത് വിജയിച്ച ഏക ടീം ഓസ്ട്രേലിയയാണ്. ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്. പാകിസ്താനെതിരേയും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാമത് ബാറ്റ് ചെയ്യുന്നതിനാണ് ഇവിടെ ടീമുകള്‍ മുന്‍ഗണന നല്‍കുന്നത്. നാല് മത്സരങ്ങളിലും ഇവിടെ സ്‌കോര്‍ 300 കടന്നിട്ടില്ല. ഓസീസ് ഇംഗ്ലണ്ടിനെതിരേ നേടിയ 286 റണ്‍സ് തന്നെയാണ് ഇവിടത്തെ ഉയര്‍ന്ന സ്‌കോര്‍.