ന്യൂയോർക്ക് : യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് ഡാനിൽ മെദ്‌വദെവയെ നേരിടും.സെമിഫൈനലിൽ ഒന്നാം സീഡ് കാർലോസ് അൽകാരസിനെ മൂന്നാം സീഡ് മെദ്‌വദെവ് വീഴ്ത്തിയതോടെയാണ് വിമ്പിൾഡൻ ഫൈനലിന്റെ ആവർത്തനമാകുമായിരുന്ന അൽകാരസ്–ജോക്കോവിച്ച് ഡ്രീം ഫൈനലിന്റെ സാധ്യത അവസാനിച്ചത്.
എന്നാൽ ജോക്കോവിച്ച്–മെദ്‌വദെവ് ഫൈനലും ഒരു ‘ഡ്രീം റിപ്പീറ്റ്’ തന്നെ. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്‌വദെവിനായിരുന്നു ജയം. ജോക്കോവിച്ചിന്റെ കലണ്ടർ സ്‌ലാം മോഹം തകർത്താണ് അന്നു മെദ്‌വദെവ് ജേതാവായത്. തിങ്കൾ പുലർച്ചെ 1.30നാണ് മത്സരം ആരംഭിക്കുന്നത് .
വൈൽഡ് കാർഡ് എൻട്രിയുമായി സെമിഫൈനൽ വരെ കുതിച്ചെത്തിയ അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്കു മറികടന്നാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ഫൈനൽ പ്രവേശം (6–3,–2,7–6). മത്സരാവസാനം ഷെൽട്ടന്റെ പതിവ് ‘ഫോൺ ആഘോഷം’ പരിഹസിച്ച് അനുകരിച്ചാണ് ജോക്കോ ആർതർ ആഷ് സ്റ്റേഡിയത്തിലെ അമേരിക്കൻ ആരാധകരെ നിശബ്ദരാക്കിയത്.
രണ്ടാം സെമിയിൽ നിലവിലെ ചാംപ്യൻ അൽകാരസിനെ നിഷ്പ്രഭനാക്കിയാണ് മെദ്‌വദെവ് ഫൈനലിലേക്കു കുതിച്ചത് (7–6, 6–1, 3–6, 6–3).
കരിയറിലെ 36–ാം ഗ്രാൻസ്‌ലാം ഫൈനലാണ് ജോക്കോവിച്ച് കളിക്കുന്നത്. ഇതിൽ 10 എണ്ണം യുഎസ് ഓപ്പണിൽ തന്നെ.ഈ വർഷം നാലു ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളുടെയും ഫൈനൽ എന്ന നേട്ടവും സ്വന്തം. ഇന്നു ജയിച്ചാൽ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്തും ജോക്കോ.