റായ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ട്വന്റി 20 നടക്കുന്ന റായ്പൂര്‍ സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങള്‍ ഇരുട്ടിലാകുമോ എന്ന് ആശങ്ക. മത്സരം നടക്കേണ്ട ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷന്‍ ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് 2018 മുതല്‍ വിഛേദിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 3.16 കോടി രൂപയുടെ ഇലക്ട്രിസിറ്റി ബില്‍ കുടിശിക ആയതോടെയാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാരായണ്‍ സിംഗ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ട്വന്റി 20 മത്സരത്തിനായി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് നാണക്കേടിന്റെ വലിയ വാര്‍ത്ത പുറത്തുവന്നത്. കോടികളുടെ വൈദ്യുതി ബില്‍ അടയ്ക്കാത്തിനെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ കറണ്ട് കണക്ഷന്‍ 2018ല്‍ വിഛേദിച്ചിരുന്നു. 2009 മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഇതുവരെ അടച്ചിട്ടില്ല.
ഇതോടെ കണക്ഷന്‍ വിഛേദിച്ചതോടെ സ്റ്റേഡിയത്തിലേക്ക് താല്‍ക്കാലികമായി വൈദ്യുതി എത്തിക്കാന്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരം ഗ്യാലറിയില്‍ വെളിച്ചം എത്തുമെങ്കിലും ഫ്‌ലെഡ്ലൈറ്റ് തെളിയണമെങ്കില്‍ ജനറേറ്ററുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. അതേസമയം താല്‍ക്കാലിക കണക്ഷന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ 200 കിലോവോള്‍ട്ടാണ് താല്‍ക്കാലിക വൈദ്യുതി കണക്ഷന്റെ കപ്പാസിറ്റി. ഇത് ആയിരം കിലോവോള്‍ട്ടിലേക്ക് ഉയര്‍ത്താനുള്ള അനുമതിയായെങ്കിലും കറണ്ട് കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള പണികള്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയിട്ടില്ല. സ്റ്റേഡിയത്തിലെ ബില്‍ അടയ്ക്കാത്തത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും കായിക വകുപ്പും തമ്മിലുള്ള വാക്പോര് ഒരുവശത്ത് തുടരുകയുമാണ്.
റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈദ്യുതി കണക്ഷന്‍ വിഛേദിച്ച ശേഷം നടന്ന മത്സരങ്ങളെല്ലാം ജനറേറ്ററിന്റെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. 2018ല്‍ ഹാഫ് മാരത്തോണ്‍ ഇരുട്ടില്‍ നടത്തേണ്ടിവന്നതോടെയാണ് 2009 മുതലുള്ള വൈദ്യുതി ബില്ലുകള്‍ അടയ്ക്കാതെ കിടക്കുകയാണ് എന്ന സത്യം മറനീക്കി പുറത്തുവന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് റായ്പൂര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് നാലാം ടി20 ആരംഭിക്കേണ്ടത്.