പിഎസ്ജി വിടാനൊരുങ്ങി നെയ്മര്‍; പ്രീമിയര്‍ ലീഗിലേക്കെന്ന് സൂചന

സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജി വിടുമെന്ന് റിപ്പോര്‍ട്ട്. എംബപ്പെയുമായി രസച്ചേര്‍ച്ചയില്ലാത്ത താരം സ്‌പെയിനിലോ ഇംഗ്ലണ്ടിലോ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

author-image
Priya
New Update
പിഎസ്ജി വിടാനൊരുങ്ങി നെയ്മര്‍; പ്രീമിയര്‍ ലീഗിലേക്കെന്ന് സൂചന

പാരീസ്: സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജി വിടുമെന്ന് റിപ്പോര്‍ട്ട്. എംബപ്പെയുമായി രസച്ചേര്‍ച്ചയില്ലാത്ത താരം സ്‌പെയിനിലോ ഇംഗ്ലണ്ടിലോ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാഴ്‌സലോണയില്‍ മെസിക്കും സുവാരസിനുമൊപ്പം നേടാവുന്നതെല്ലാം സ്വന്തമാക്കിയാണ് 2017ല്‍ നെയ്മര്‍ പി എസ് ജിയിലെത്തിയത്.പി എസ് ജിയിലും മികവ് തുടര്‍ന്നെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

അഞ്ച് സീസണിന് ശേഷം ഫ്രഞ്ച് ക്ലബ്ബില്‍ കിലിയന്‍ എംബപ്പെയുടെ അപ്രമാധിത്വം തുടരുന്നതുകൊണ്ട് നേരത്തെ തന്നെ നെയ്മര്‍ ടീം വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

പിഎസ്ജി ആരാധക കൂട്ടായ്മയായ അള്‍ട്രാസ് നെയ്മറിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ മാനേജ്‌മെന്റിനെ ടീം വിടാനുള്ള താല്‍പര്യം താരം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

സ്‌പെയിനില്‍ ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ താല്‍പര്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത കുറവാണ്.

ബാഴ്‌സയല്ലെങ്കില്‍ സ്‌പെയിനില്‍ മറ്റൊരു ക്ലബ്ബിലേക്കും പോകേണ്ടെന്നാണ് താരത്തിന്റെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യുകാസില്‍ ക്ലബ്ബുകളെല്ലാം നെയ്മറിനെ സ്വന്തമാക്കാന്‍ താല്‍പര്യമറിയിച്ചിരുന്നു.

പിഎസ്ജി ചെയര്‍മാന്‍ നാസറും ചെല്‍സി ഉടമ ടോഡ് ബോഹ്‌ലിയും ഫെബ്രുവരിയില്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.ബ്രസീലിലേക്ക് ഇപ്പോള്‍ മടങ്ങാന്‍ മുപ്പത്തിയൊന്നുകാരനായ താരത്തിന് നിലവില്‍ താല്‍പ്പര്യമില്ല.

അതിനാല്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ തന്നെയാണ് സാധ്യതയില്‍ മുന്നിലുള്ളത്. ചാംപ്യന്‍സ് ലീഗിലേക്ക് സ്ഥാനം ലഭിച്ചാല്‍ ന്യുകാസില്‍ യുണൈറ്റഡും നെയ്മറിനുള്ള ശ്രമം ശക്തമാക്കും.

മെസിയും നെയ്മറും പോയാല്‍ അടുത്ത സീസണില്‍ പിഎസ്ജിക്കും പകരം വമ്പന്‍ താരങ്ങളെ ലക്ഷ്യമിടേണ്ടിവരും. ടോട്ടനം നായകന്‍ ഹാരി കെയ്‌നിനെയാണ് പി എസ് ജി പ്രധാനമായും ലക്ഷ്യമിടുന്നത്.

 

psg neymar premier league