ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡിനെ 4-2 ന് തകര്‍ത്ത് ക്രൊയേഷ്യ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമില്‍ ബ്രൂണോ പെറ്റ്കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിര്‍ണായക ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നെതലന്ഡ്സ് പരാജയപ്പെട്ടത്.
34-ാം മിനിറ്റില്‍ ഡോണിയല്‍ മലനിലൂടെ നെതര്‍ലന്‍ഡ്സ് ആദ്യം മുന്നിലെത്തി. രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രെ ക്രാംചെക്ക് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
72-ാം മിനിറ്റില്‍ മരിയോ പസാലിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിെച്ചു. എന്നാല്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ നോവ ലാങ് നെതര്‍ല്‍ഡ്സിന് സമനില നല്‍കിയതിനെത്തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 116-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി.
യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി, സ്പെയിനിനെ നേരിടും.
രാത്രി 12:15നാണ് മത്സരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം നേടാനാണ് സ്പെയിന് ഇറങ്ങുന്നത്. യൂറോ ചാംപ്യന്മാരെങ്കിലും ലോകകപ്പിന് യോഗ്യത നേടാന്‍ ഇറ്റലിക്കായിരുന്നില്ല. അതിന്റെ ക്ഷീണം കപ്പെടുത്ത് തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് റോബര്‍ട്ട് മാന്‍ചീനിയും സംഘവും.