അഹമ്മദാബാദ്: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പത്ത് മത്സരങ്ങളിൽ ജയിച്ചു വന്ന ടീമാണ് ഇന്ത്യയെന്നും ഒരു തോൽവി സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറയുന്നു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഒരുമിച്ച് ഇനിയും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയെ അനുഗമിച്ചു.
‘‘പത്ത് മത്സരങ്ങള്‍ തുടർച്ചയായി ജയിച്ചാണ് നിങ്ങൾ ഫൈനലിലെത്തിയത്. ഈ ഒരു പരാജയം സ്വാഭാവികമായി സംഭവിക്കുന്നതാണ്. നിരാശ വേണ്ട, രാജ്യം മുഴുവൻ നിങ്ങളെ കാണുന്നു.
നിങ്ങളെ നേരിൽവന്നു കാണണമെന്നു തോന്നിയതിനാലാണ് ഞാൻ വന്നത്. നിങ്ങൾ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്’’ –മോദി പറഞ്ഞു. കോച്ച് രാഹുൽ ദ്രാവിഡ് ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ മുഹമ്മദ് ഷമിയെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു.