രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പരാജയം; പ്രതികരിച്ച് സിഎസ്‌കെ നായകന്‍ എം എസ് ധോണി

റോയല്‍സ് യുവ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച ധോണി സിഎസ്‌കെയുടെ തോല്‍വിയുടെ കാരണങ്ങള്‍ മത്സര ശേഷം വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പരാജയം; പ്രതികരിച്ച് സിഎസ്‌കെ നായകന്‍ എം എസ് ധോണി

 

ജയ്പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 32 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയിരുന്നു. എം എസ് ധോണിയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ വിജയം മലയാളി താരമായ സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സായിരുന്നു. റോയല്‍സ് യുവ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച ധോണി സിഎസ്‌കെയുടെ തോല്‍വിയുടെ കാരണങ്ങള്‍ മത്സര ശേഷം വ്യക്തമാക്കി.

'ശരാശരി സ്‌കോറിനേക്കാള്‍ കുറച്ച് കൂടുതല്‍ റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ആദ്യ ആറ് ഓവറില്‍ കുറെയധികം റണ്‍സ് ഞങ്ങള്‍ വിട്ടുകൊടുത്തു. ആ സമയം ബാറ്റിംഗിന് അനുകൂലമായിരുന്നു വിക്കറ്റ്. ഇതിന് ശേഷം മധ്യ ഓവറുകളില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അവസാന ഓവറുകളില്‍ എഡ്ജായി കുറച്ച് ബൗണ്ടറികള്‍ പിറന്നു.

അത് റണ്‍ കൂട്ടിക്കൊണ്ടിരുന്നു. പരിശോധിച്ചാല്‍ അവസാന അഞ്ചോ ആറോ ബൗണ്ടറികള്‍ എഡ്ജായിരുന്നു. അത് വലിയ ഇംപാക്റ്റുണ്ടാക്കി. റോയല്‍ നേടിയ പോലൊരു തുടക്കം ഞങ്ങള്‍ക്ക് നേടാനായില്ല. യശശ്വി ജയ്വാള്‍ നന്നായി ബാറ്റ് ചെയ്തു. അവസാന പന്തുകളില്‍ ധ്രുവ് ജൂരെലും തിളങ്ങി. എന്നാലും ആദ്യ പവര്‍പ്ലേയാണ് മത്സരം ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത്' എന്നും ധോണി മത്സര ശേഷം വ്യക്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവില്‍ 202-5 എന്ന സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗില്‍ സിഎസ്‌കെയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 170 സ്വന്തമാക്കേനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി പവര്‍പ്ലേ പവറാക്കിയ യശസ്വി ജയ്സ്വാള്‍ 43 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറുകളില്‍ 15 പന്തില്‍ 34 റണ്‍സുമായി ധ്രുവ് ജൂരെയും 13 പന്തില്‍ 27 റണ്ണുമായി ദേവ്ദത്ത് പടിക്കലും തിളങ്ങി. മറുവശത്ത് റുതുരാജ് ഗെയ്ക്വാദ്(29 പന്തില്‍ 47), ശിവം ദുബെ(33 പന്തില്‍ 52) എന്നിവരുടെ ബാറ്റിംഗ് ചെന്നൈയെ ജയിപ്പിച്ചില്ല.

IPL 2023 RR csk ms dhoni