മിന്നു മണിയുടെ തകര്‍പ്പന്‍ അരങ്ങേറ്റം; ടി20യില്‍ അടിപതറി ബംഗ്ലാദേശ്

മലയാളി ക്രിക്കറ്റ് താരം മിന്നു മണിയുടെ അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം.

author-image
Greeshma Rakesh
New Update
മിന്നു മണിയുടെ തകര്‍പ്പന്‍ അരങ്ങേറ്റം; ടി20യില്‍ അടിപതറി ബംഗ്ലാദേശ്

 

ധാക്ക: മലയാളി ക്രിക്കറ്റ് താരം മിന്നു മണിയുടെ അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 114 റണ്‍സ് മാത്രമാണ് നേടാനായത്.

മിന്നു മണി മൂന്ന് ഓവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശിന്റെ നിര്‍ണായകമായ ഓപ്പണിംഗാണ് മിന്നു തകര്‍ത്തത്. പൂജ വസ്ത്രകറും ഷെഫാലി വര്‍മയും ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി.

 

ഓപ്പണിംഗ് വിക്കറ്റില്‍ ഷാത്തി റാനിയും ഷമീമ സുല്‍ത്താനയും 27 റണ്‍സ് ചേര്‍ത്തെങ്കിലും തന്റെ അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് മലയാളി ക്രിക്കറ്റര്‍ മിന്നു മണി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിക്കുകയായിരുന്നു.

ബംഗ്ലാ ഇന്നിംഗ്സിലെ നാലാം ഓവറിലെ നാലാം പന്തില്‍ മിന്നുവിനെ സ്ലോഗ്സ്വീപ് കളിക്കാന്‍ ശ്രമിച്ച സുല്‍ത്താന ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിന്റെ സ്ലൈഡിംഗ് ക്യാച്ചില്‍ പുറത്താവുകയായിരുന്നു.

പിന്നീട് റാനിയും ശോഭന മോസ്തരിയും കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാല്‍ ഷാത്തി റാനിയെ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ പൂജ വസ്ത്രകര്‍ ബൗള്‍ഡാക്കി. 26 പന്തില്‍ 22 റണ്‍സാണ് ഷാത്തി നേടിയത്.
സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്ക് ഇന്ത്യ മൂന്നാം വിക്കറ്റ് പിഴുതു

 

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താനയെ ഹര്‍മന്‍പ്രീത് കൗറിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്യ റണ്ണൗട്ടാക്കുകയായിരുന്നു. 33 പന്തില്‍ 23 നേടിയ ശോഭന മോസ്തരിയെ 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷെഫാലി വര്‍മ്മയുടെ പന്തില്‍ യാസ്തിക സ്റ്റംപ് ചെയ്തു.

തുടര്‍ന്ന് ഷോര്‍ന അക്തറും റിതു മോനിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തുകയായിരുന്നു. 20-ാം ഓവറിലെ നാലാം പന്തില്‍ റിതു(13 പന്തില്‍ 11) ജെമീമയുടെ ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ ഷോര്‍ന 28 പന്തില്‍ 28* റണ്‍സുമായി പുറത്താവാതെ നിന്നു.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ഥാന(വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രക്കര്‍, ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, അനുഷ ബരെഡ്ഡി, മിന്നു മണി.

 

t20 minnu mani IND vs BAN Indian Woman Cricket Team