റിയാദ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ കളിച്ച അവസാനത്തെ ഏതാനും മാസങ്ങള്‍ തനിക്കും ലയണല്‍ മെസ്സിക്കും നരകതുല്യമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ താരം നെയ്മര്‍. ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ തന്റെ മുന്‍ ക്ലബ്ബിനെതിരേ കടുത്ത ആരോപണം ഉന്നയിച്ചത്.
'മെസ്സിയുടെ കഴിഞ്ഞ വര്‍ഷത്തില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. എന്നാല്‍ അതേസമയം ദുഃഖിതനുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ ജീവിതം ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയായിരുന്നു. അര്‍ജന്റീന ടീമിനൊപ്പം അടുത്ത കാലത്ത് എല്ലാ കിരീടങ്ങളും നേടി സ്വര്‍ഗതുല്യമായ ദിവസങ്ങളായിരുന്നു ഒരുവശത്തെങ്കില്‍ പാരിസില്‍ അദ്ദേഹത്തിന്റെ ജീവിതം നരകമായിരുന്നു. ഞങ്ങള്‍ ഇരുവരും ആ നരകത്തില്‍ ജീവിച്ചു. ഞങ്ങള്‍ അസ്വസ്ഥരായിരുന്നു കാരണം ഞങ്ങള്‍ക്കവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏറ്റവും മികച്ചത് നല്‍കാനാണ് ഞങ്ങളിരുവരും അവിടെ ചെന്നത്, ചാമ്പ്യന്‍മാരാകാന്‍, ചരിത്രമെഴുതാന്‍, അതിനാണ് വീണ്ടും ഞങ്ങള്‍ ഒരുമിച്ചത്. പക്ഷേ അതിനൊന്നും ഞങ്ങള്‍ക്ക് സാധിച്ചില്ല.' - നെയ്മര്‍ പറഞ്ഞു.
പിഎസ്ജി വിട്ട നെയ്മര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിലെത്തിയപ്പോള്‍ മെസ്സി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. പിഎസ്ജിയിലെ അവസാന മാസങ്ങളില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ മെസ്സിയെ പിഎസ്ജി കാണികള്‍ തന്നെ കൂവിവിളിച്ച് കളിയാക്കാറുണ്ടായിരുന്നു.