കിരീട പ്രതീക്ഷയില്‍ സിഎസ്‌കെ, കരുതലോടെ പ്രതികരിച്ച് ധോണി

ആര്‍ക്കും വേണ്ടാതിരുന്ന ശിവം ദുബെയെ വെടിക്കെട്ട് ഫിനിഷറാക്കി മാറ്റാനും സിഎസ്‌കെയ്ക്ക് സാധിച്ചു. ചെറിയ പന്തുകളില്‍ നിര്‍ണ്ണായക റണ്‍സ് നേടുന്ന സൂപ്പര്‍ താരമായി ഇപ്പോള്‍ ദുബെ മാറിയിട്ടുണ്ട്. 14 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്.

author-image
Web Desk
New Update
കിരീട പ്രതീക്ഷയില്‍ സിഎസ്‌കെ, കരുതലോടെ പ്രതികരിച്ച് ധോണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലും പ്ലേ ഓഫ് സിംഹാസനം ഉറപ്പിച്ചിരിക്കുകയാണ് എംഎസ് ധോണിയും സംഘവും. അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായിടത്തു നിന്നാണ് ഇത്തവണ പ്ലേ ഓഫിലേക്ക് സിഎസ്‌കെ എത്തിയിരിക്കുന്നത്.

14 ഐപിഎല്‍ സീസണുകളില്‍ നിന്ന് 12ാം തവണയാണ് സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തുന്നത്. മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. രണ്ട് തവണ വിലക്ക് നേരിട്ട് മാറിനില്‍ക്കേണ്ടി വന്നെങ്കിലും തിരിച്ചുവരവിലും ധോണിയും സംഘവും തലയുയര്‍ത്തി തന്നെ മുന്നോട്ട് പോകുന്നു. 2020ല്‍ ഏഴാം സ്ഥാനക്കാരായിരുന്നു സിഎസ്‌കെ 2021ല്‍ ചാമ്പ്യന്മാരായാണ് തിരിച്ചുവന്നത്. അവസാന സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന സിഎസ്‌കെ ഇത്തവണ കപ്പിലേക്കെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹിക്കെതിരെ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ 77 റണ്‍സിന്റെ വമ്പന്‍ ജയമാണ് സിഎസ്‌കെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 3 വിക്കറ്റിന് 223 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 9 വിക്കറ്റിന് 146 റണ്‍സാണ് നേടാനായത്. 77 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് സിഎസ്‌കെ പ്ലേ ഓഫ് ടിക്കറ്റെടുത്തത്.

എംഎസ് ധോണി തന്റെ അവസാന സീസണില്‍ കപ്പ് നേടി മടങ്ങണമെന്നാഗ്രഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടി സിഎസ്‌കെ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയാണ് ഇത്തവണയും സിഎസ്‌കെയുടെ ഊര്‍ജം. 2020ലും 2022ലും മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പോയത്. 2010, 2011, 2018, 2021 സീസണുകളില്‍ കപ്പടിച്ച സിഎസ്‌കെ ഇത്തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈയുടെ അഞ്ച് കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്തുമെന്ന് കരുതാം.

ഇത്തവണ പല വെല്ലുവിളികള്‍ സിഎസ്‌കെയ്ക്ക് മുന്നിലുണ്ടായിട്ടും അതിനെയെല്ലാം ഫലപ്രദമായി മറികടന്ന് പ്ലേ ഓഫിലേക്ക് ടീമിനെയെത്തിക്കാന്‍ ധോണിക്കായി. വലിയ പ്രതീക്ഷവച്ച ബെന്‍ സ്റ്റോക്‌സ് ഫ്‌ളോപ്പാവുകയും പിന്നീട് പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ദീപക് ചഹാറിന് ഭൂരിഭാഗം മത്സരങ്ങളും പരിക്കിനെത്തുടര്‍ന്ന് നഷ്ടമായി. ഇതിനെയെല്ലാം മറികടന്നാണ് ധോണിയും സംഘവും പ്ലേ ഓഫിലേക്കെത്തിയിരിക്കുന്നത്. മികച്ച കളിക്കാര്‍ എന്ന ഖ്യാതി ഇല്ലെങ്കിലും താരങ്ങളിലെ മികച്ച പ്രകടനം പുറത്തെടുക്കാനായതാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമെന്ന് ധോണി പ്രതികരിച്ചു. അവതാരകനും മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യങ്ങള്‍ക്ക് തന്ത്രപൂര്‍വമായിരുന്നു ധോണിയുടെ മറുപടി. ടീം സ്പിരിറ്റോടെ കളിക്കളത്തില്‍ തിളങ്ങാന്‍ സാദ്ധ്യതയുള്ള താരങ്ങളെ തിരഞ്ഞെടുക്കുകയാണ് പരധാന കാര്യമെന്നും ധോണി പ്രതികരിച്ചു.

14 മത്സരത്തില്‍ നിന്ന് എട്ട് ജയവും ഒരു പോയിന്റ് പങ്കിടലും ഉള്‍പ്പെടെ 17 പോയിന്റോടെയാണ് സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തുന്നത്. റുതുരാജ് ഗെയ്ക് വാദ്-ഡെവോണ്‍ കോണ്‍വേ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് സിഎസ്‌കെയുടെ പ്രധാന ഇന്ധനം. കോണ്‍വേ 14 മത്സരത്തില്‍ നിന്ന് 6 ഫിഫ്റ്റി ഉള്‍പ്പെടെ 585 റണ്‍സാണ് നേടിയത്. റുതുരാജ് 14 മത്സരത്തില്‍ നിന്ന് 504 റണ്‍സും.

രണ്ട് പേരും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മിന്നല്‍ പ്രകടനമാണ് നടത്തിയത്. ഇതാണ് മിക്ക മത്സരങ്ങളിലും സിഎസ്‌കെയെ വിജയിപ്പിച്ചത്. അജിന്‍ക്യ രഹാനെയെ ഇത്തവണ വെടിക്കെട്ട് ബാറ്റ്‌സ്മാനായി മാറ്റിയെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. ഇത്തവണ രഹാനെ 12 മത്സരത്തില്‍ നിന്ന് 9 ഇന്നിംഗ്‌സ് ബാറ്റ് ചെയ്തപ്പോള്‍ 282 റണ്‍സാണ് അടിച്ചെടുത്തത്. അതും 169ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍.

ആര്‍ക്കും വേണ്ടാതിരുന്ന ശിവം ദുബെയെ വെടിക്കെട്ട് ഫിനിഷറാക്കി മാറ്റാനും സിഎസ്‌കെയ്ക്ക് സാധിച്ചു. ചെറിയ പന്തുകളില്‍ നിര്‍ണ്ണായക റണ്‍സ് നേടുന്ന സൂപ്പര്‍ താരമായി ഇപ്പോള്‍ ദുബെ മാറിയിട്ടുണ്ട്. 14 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്.

cricket IPL 2023 chennai super kings m s dhoni