ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് വമ്പന്‍ ജയം. ആന്‍ഫീല്‍ഡില്‍ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയിച്ചത്.
കോഡി ഗാക്പോ, ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സലാ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. റോബര്‍ട്ടോ ഫിര്‍മീന്യോ ഒരു ഗോളും സ്വന്തമാക്കി.
ആന്‍ഫീല്‍ഡില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാന്‍ കഴിഞ്ഞത്. മത്സരം ആദ്യ പകുതിക്ക് പിരിയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ കോഡി ഗാക്‌പോ ആണ് ലിവര്‍പൂളിന് ലീഡ് നല്‍കിയത്.
രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ലിവര്‍പൂള്‍ ലീഡ് ഇരട്ടിയായി. ഇത്തവണ ഡാര്‍വിന്‍ ന്യൂനസിന്റെ ഹെഡര്‍. സ്‌കോര്‍ 2-0.
മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗാക്‌പോ തന്റെ രണ്ടാം ഗോളും സ്‌കോര്‍ ചെയ്തതോടെ യുണൈറ്റഡ് മൂന്ന് ഗോളിന് പിന്നില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പല മാറ്റങ്ങളും നടത്തി നോക്കി എങ്കിലും ഫലം ഉണ്ടായില്ല.
അറുപത്തിയാറാം മിനിറ്റില്‍ സലയും ഗോള്‍പട്ടികയില്‍ ഇടം പിടിച്ചു. 75 ആം മിനിറ്റില്‍ ന്യൂനസിന്റെ ഹെഡറില്‍ അഞ്ചാം ഗോള്‍. 83 ആം മിനിറ്റില്‍ രണ്ടാമതും ഗോള്‍ വല കുലുക്കി സല ടീമിന്റെ ഗോള്‍നേട്ടം ആറാക്കി.
നിശ്ചിത സമയം അവസാനിക്കാന്‍ 2 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ റോബര്‍ട്ടോ ഫിര്‍മീന്യോ യുണൈറ്റഡിന്റെ മേല്‍ അവസാന പ്രഹരവും ഏല്‍പ്പിച്ചു.