ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറുകളിൽ ഒരാളുമാണ് യുവരാജ് സിങ്.2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം സജീവമാണ്.2011ൽ ഇന്ത്യ ലോകകപ്പ് നേടിയ ടൂർണമെന്റിൽ യുവരാജിന്റെ പ്രകടനവും പങ്കും നിർണായകമായിരുന്നു.
ക്രിക്കറ്റ് മത്സരങ്ങളേക്കുറിച്ച് എപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ താരം മറക്കാറില്ല. മാത്രമല്ല ടീം ഇന്ത്യയിലെ താരങ്ങളുമായും അടുത്ത സൗഹൃദത്തിലാണ് യുവി. പരിശീലനത്തിന്റെ ഇടവേളകളിൽ സഹതാരങ്ങളോടൊപ്പം ഫുട്ബോൾ കളിച്ചതിന്റെ ഓർമ പങ്കുവച്ച യുവരാജിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
ഫുട്ബോൾ കളിക്കാനിറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് കോലി സ്വയം കരുതുന്നതെന്നും, എന്നാൽ അങ്ങനെയല്ലെന്നും യുവരാജ് പറയുന്നു. കോലി മികച്ച ഫുട്ബോളറാണോ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് യുവരാജ് ഇങ്ങനെ പറയുന്നത്. ക്രിക്കറ്റിൽ അദ്ദേഹം ക്രിസ്റ്റ്യാനോ റോണാൾഡോയാണ്. എന്നാൽ കോലിയേക്കാൾ മികച്ച രീതിയിൽ ഫുട്ബോൾ കളിക്കാൻ തനിക്കു കഴിയുമെന്നും യുവരാജ് പറയുന്നു.
കോലിയുടെ ക്രിക്കറ്റിലേയ്ക്കുള്ള തുടക്ക കാലം മുതൽക്കെ വലിയ പിന്തുണ നൽകിയവരിൽ ഒരാളാണ് യുവരാജ്. ഇരുവരുടെയും സൗഹൃദവും ഏറെ ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പരസ്പരം പിന്നാൾ ആശംസകൾ നേർന്നിരുന്നു.
എന്നാൽ ഇപ്പോൾ കോലിക്ക് ഏറെ തിരക്കുള്ള സമയമാണെന്നും അതിനാൽ അദ്ദേഹത്തെ ശല്യപ്പെടുത്താറില്ലെന്നും യുവരാജ് പറഞ്ഞു. ‘‘കോലിക്ക് തിരക്കുള്ള സമയമാണിപ്പോൾ. ഞാൻ അദ്ദേഹത്തെ ഇപ്പോൾ ശല്യപ്പെടുത്താറില്ല. നേരത്തെ കോലിയെ ‘ചീക്കു’ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. എന്നാൽ ചീക്കു ഇന്ന് വിരാട് കോലിയാണ്. അതു രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്’’ –യുവരാജ് പറഞ്ഞു.
അതേസമയം ലോകകപ്പിൽ പരാജയമറിയാതെ കുതിപ്പു തുടരുന്ന ടീം ഇന്ത്യയുടെ ടോപ് സ്കോററാണ് കോലി. എട്ട് മത്സരങ്ങളിൽനിന്ന് 543 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാംസ്ഥാനത്താണ് കോലി. നവംബർ 5ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചറി നേടിയ കോലി, ഇക്കാര്യത്തിൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്. 49–ാം ഏകദിന സെഞ്ചറിയാണ് കൊൽക്കത്തയിൽ കോലി സ്വന്തമാക്കിയത്. ഞായറാഴ്ച നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.