ദൈഹദരാബാദ്: നിര്‍ണായക മത്സരത്തില്‍ മിന്നും വിജയം നേടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
47 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍, 37 റണ്‍സെടുത്ത അബ്ദുള്‍ സമദ് എന്നിവര്‍ ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാല്‍ പാണ്ഡ്യ ലഖ്‌നൗവിനായി മികവ് കാട്ടി.
മറുപടി ബാറ്റിംഗില്‍ അര്‍ധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) ആണ് ലഖ്‌നൗവിന്റെ തീപ്പൊരിയായത്. മാര്‍ക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാന്‍ (44) എന്നിവര്‍ അത് ആളിക്കത്തിച്ചു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് മിന്നും തുടക്കം നേടാനായില്ല. പന്ത് കണക്ട് ചെയ്യാനാകാതെ പതറിയ കൈല്‍ മയേഴ്‌സ് 14 പന്തില്‍ വെറും രണ്ട് റണ്‍സുമായി മടങ്ങി. മൂന്നാമനായി എത്തിയ പ്രേരക് മങ്കാദ് പക്ഷേ ഡി കോക്കിന് നല്ല പിന്തുണ നല്‍കി ഒപ്പം നിന്നു.
റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഡികോക്കും പുറത്തായെങ്കിലും മങ്കാദ് പിടിച്ച് നിന്നത് ലഖ്‌നൗവിന് കരുത്തായി. പതിയെ തുടങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് ആക്രമണം ആരംഭിച്ചതോടെ ഹൈദരാബാദ് പരുങ്ങി.
അഭിഷേക് ശര്‍മ്മയെ ഓവറിലെ മൂന്നാമത്തെ സിക്‌സിന് പറത്താന്‍ ശ്രമിച്ച സ്റ്റോയിനിസ് അബ്ദുള്‍ സമദിന്റെ കൈക്കുള്ളില്‍ ഒതുങ്ങി. സ്റ്റോയിനിസ് എവിടെ നിര്‍ത്തിയോ നിക്കോളാസ് പുരാന്‍ അവിടെ നിന്നാണ് തുടക്കമിട്ടത്.
അഭിഷേക് ശര്‍മ്മയുടെ ആ ഓവറില്‍ മൂന്ന് സിക്‌സ് കൂടെ നേടി പുരാന്‍ ആഘോഷമാക്കി. അടുത്ത ഓവറില്‍ നടരാജനെയും സിക്‌സിന് പായിച്ച് കൊണ്ട് മങ്കാദ് കളി ലഖ്‌നൗവിന്റെ വഴിയേ ആക്കി. പിന്നീട് ഭുവിയും നടരാജനും ശ്രമിച്ച് നോക്കിയെങ്കിലും ലഖ്‌നൗ അനായാസം വിജയത്തിലെത്തി.