ഫൈനലിന് മഴ ഭീഷണി; മത്സരം ഉപേക്ഷിച്ചാല്‍ ആര് കിരീടം നേടും?

ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

author-image
Web Desk
New Update
ഫൈനലിന് മഴ ഭീഷണി; മത്സരം ഉപേക്ഷിച്ചാല്‍ ആര് കിരീടം നേടും?

ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ കലാശപ്പോരിന് മഴ വില്ലനായേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം ഗുജറാത്തും മുംബൈയും തമ്മില്‍ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് മുന്നോടിയായി മഴ പെയ്തിരുന്നു. അതിനാല്‍ അര മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിക്കാനായത്.

അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസത്തേതിന് സമാനമായ കാലാവസ്ഥ ഞായറാഴ്ചയും തുടര്‍ന്നാല്‍ അത് ഫൈനല്‍ മത്സരത്തെ ബാധിച്ചേക്കും. പ്ലേ ഓഫിനുള്ള റിസര്‍വ് ഡേ സംബന്ധിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അതിനാല്‍ തന്നെ റിസര്‍വ് ദിനം അനുവദിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

ഐപിഎല്ലിന്റെ കളി നിയമങ്ങള്‍ അനുസരിച്ച് ലീഗ് ഘട്ടത്തില്‍ രണ്ട് ടീമുകളും കുറഞ്ഞത് 5 ഓവര്‍ വീതം കളിച്ചാല്‍ മാത്രമേ മത്സര ഫലം നിര്‍ണ്ണയിക്കാന്‍ കഴിയൂ. ആവശ്യമെങ്കില്‍ ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ (ഡിഎല്‍എസ്) രീതി ഉപയോഗിക്കാം. അഞ്ച് ഓവറുകള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കപ്പെടും. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്യും.

ഫൈനല്‍ മത്സരത്തിനും ഇതേ നിയമം ബാധകമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഫൈനല്‍ മത്സരം തടസപ്പെട്ടാല്‍ പോയിന്റ് പട്ടികയിലെ ടീമുകളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി വിജയിയെ നിര്‍ണ്ണയിക്കും. അവസാന മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയിലെ സ്ഥാനം കണക്കാക്കി ആ ടീമിനെ വിജയിയായി പ്രഖ്യാപിക്കും എന്നര്‍ത്ഥം. ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ഒന്നാമത്. തൊട്ടുപിന്നില്‍ രണ്ടാമതായിരുന്നു ചെന്നൈയുടെ സ്ഥാനം.

2022ലെ ഓരോ പ്ലേ ഓഫ് മത്സരത്തിനും 120 മിനിറ്റ് അധിക സമയം അനുവദിച്ചിരുന്നു. അതിനാല്‍, രാത്രി 8 മണിയ്ക്ക് ആരംഭിക്കേണ്ട മത്സരം 10:10ന് വരെ ആരംഭിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ കൃത്യമായി മത്സരം ആരംഭിക്കേണ്ട സമയമോ ഫൈനല്‍ മത്സരത്തിന് ഒരു റിസര്‍വ് ഡേ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ വിജയിയെ നിര്‍ണ്ണയിക്കാന്‍ സൂപ്പര്‍ ഓവര്‍ കളിക്കും. എന്നാല്‍, അനുവദിച്ച സമയത്തിനുള്ളില്‍ സൂപ്പര്‍ ഓവര്‍ കളിക്കാനും കഴിഞ്ഞില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ടീമിനെ ഫൈനലിലെ വിജയിയായി പ്രഖ്യാപിക്കും. ഫൈനല്‍ മത്സരത്തെ മഴ ബാധിക്കുകയും റിസര്‍വ് ദിനം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്താല്‍ അന്നേ ദിവസം മത്സരം കളിക്കാന്‍ അവസരമുണ്ടാകും.

 

gujarat cricket IPL 2023 CHENNAI final match