ധോണി കണ്ണടച്ചിരുന്നു, കൈകൂപ്പി കണ്ണീരോടെ ആരാധിക... അവിശ്വസനീയം ഈ വിജയം!

ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി കണ്ണടച്ചിരുന്നു. ഗാലറിയില്‍ ചെന്നൈ ആരാധിക കണ്ണീരോടെ കൈകൂപ്പി നിന്നു.

author-image
Web Desk
New Update
ധോണി കണ്ണടച്ചിരുന്നു, കൈകൂപ്പി കണ്ണീരോടെ ആരാധിക... അവിശ്വസനീയം ഈ വിജയം!

അഹമ്മദാബാദ് : ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി കണ്ണടച്ചിരുന്നു. ഗാലറിയില്‍ ചെന്നൈ ആരാധിക കണ്ണീരോടെ കൈകൂപ്പി നിന്നു. നിര്‍ണായകമായ അഞ്ചാം പന്ത്. നഷ്ടമായാല്‍ ഗുജറാത്തിന് കിരീടം ഉറപ്പിക്കാം.

മോഹിത് ശര്‍മയുടെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ജഡേജ. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്.

അവിശ്വസനീയം! ലെഗ് സ്റ്റംപിലെത്തിയ പന്തിനെ ഫ്‌ളിക്ക് ചെയ്ത ജഡേജ, ഫൈന്‍ ലെഗ്ഗ് ബൗണ്ടറിയിലേക്ക് പായിച്ച് ചെന്നൈയെ വിജയത്തിലേക്ക് എടുത്തുയര്‍ത്തി. അപ്പോഴും കണ്ണടച്ച് ഇരിക്കുകയായിരുന്നു ധോണി. ചെന്നൈ ആരാധകര്‍ ഗാലറിയില്‍ ആര്‍ത്തുവിളിച്ചു. ചെന്നൈ ടീം അംഗങ്ങള്‍ ആഹ്ലാദത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ജഡേജയെ വാരിപ്പുണര്‍ന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് സായ് സുദര്‍ശനെന്ന തമിഴ്നാട് താരത്തിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയില്‍ 215 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചു. കൂറ്റന്‍ സ്‌കോറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ പോലും പകച്ചു. പിന്നീട് മഴ മൂലം വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി. അപ്പോഴേക്കും അവര്‍ പ്രതീക്ഷ കൈവിട്ടു. റാഷിദ് ഖാനും മുഹമ്മദ് ഷമിയും നൂര്‍ അഹമ്മദും മോഹിത് ശര്‍മയും എല്ലാം അടങ്ങുന്ന ഗുജറാത്ത് ബൗളിംഗ് നിരക്കെതിരെ ഓവറില്‍ 12 റണ്‍സിനടുത്ത് അടിച്ച് ജയിക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു.

അസാധ്യമായ ആ ലക്ഷ്യത്തിലേക്ക് ആദ്യം വഴിമരുന്നിട്ടത് റുതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു.

74 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം റുതുരാജും പിന്നാലെ കോണ്‍വെയും മടങ്ങി. ശിവം ദുബെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടു. അജിങ്ക്യാ രഹാനെയുടെ മിന്നലടികളാണ് പ്രതീക്ഷ നിലനിര്‍ത്തിയത്. സ്‌കോര്‍ 117ല്‍ നില്‍ക്കെ രഹാനെയും വീണു.

വിടവാങ്ങല്‍ മത്സരം കളിക്കുന്ന അംബാട്ടി റായുഡുവായിരുന്നു പിന്നീട് ക്രീസിലെത്തിയത്. ഈ സീസണില്‍ മോശം ഫോമിലായിരുന്ന റായുഡുവുവിനെ ആ സമയം ഇറക്കിയത് ആരാധകരെപ്പോലും അമ്പരപ്പിച്ചു. എന്നാല്‍ ധോണിയുടെ വിശ്വാസം തെറ്റിയില്ല. 8 പന്തില്‍ 19 റണ്‍സുമായി റായുഡു ചെന്നൈയെ വിജയത്തിനോട് അടുപ്പിച്ച് മടങ്ങി.

cricket IPL 2023