അഹമ്മദാബാദ്: ഐ.പി.എല്‍ ഫൈനലിന് തുടക്കം. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോനി ബൗളിങ് തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.
1,30,000-ത്തോളം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഐ.പി.എല്‍. ഫൈനലിനനുവദിച്ച ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.
അഞ്ചാം കിരീടം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്. ഓള്‍റൗണ്ട് മികവിലാണ് ഗുജറാത്തിന്റെ മുന്നേറ്റം. ഇക്കുറി വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള ആദ്യമൂന്നുപേരും ഗുജറാത്ത് താരങ്ങളാണ്.
ചെന്നൈയുടെ കരുത്തും ബാറ്റിങ്ങിലാണ്. ഋതുരാജ് ഗെയ്ക്വാദും ഡെവന്‍ കോണ്‍വെയും ചേര്‍ന്ന അവരുടെ ഓപ്പണിങ് ഈ ഐ.പി.എലിലെ ഏറ്റവും അപകടകരമായ കൂട്ടുകെട്ടാണ്. ശിവം ദുബെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം.എസ്. ധോനി തുടങ്ങിയവരാണ് പിന്നീട് വരുന്നത്.
ബൗളിങ്ങില്‍, ദീപക് ചഹാര്‍, മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഒരുസംഘം പുതുമുഖക്കാരുമായാണ് ചെന്നൈ കളിച്ചത്. തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹീഷ് തീക്ഷ്ണ എന്നീ ബൗളര്‍മാര്‍ ചെന്നൈയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചു.