ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെമിയില്‍. നേപ്പാളിനെ 23 റണ്‍സിന് തകിടംമറിച്ചാണ് ടീം ഇന്ത്യയുടെ പ്രയാണം. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ബാറ്റിംഗില്‍ അതിവേഗ സെഞ്ചുറിക്കാരന്‍ യശസ്വി ജയ്‌സ്വാളും (49 പന്തില്‍ 100), വെടിക്കെട്ട് ഫിനിഷര്‍ റിങ്കു സിംഗും (15 പന്തില്‍ 37*) ഇന്ത്യക്ക് കരുത്തായപ്പോള്‍ ബൗളിംഗില്‍ രവി ബിഷ്‌ണോയിയും ആവേഷ് ഖാനും മൂന്ന് വീതവും അര്‍ഷ്‌ദീപ് സിംഗ് രണ്ടും സായ് കിഷോര്‍ ഒന്നും വിക്കറ്റുമായി തിളങ്ങി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സെടുക്കുകയായിരുന്നു. 48 പന്തില്‍ തന്‍റെ കന്നി രാജ്യാന്തര ട്വന്‍റി 20 സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ റിങ്കു സിംഗിന്‍റെ തീപ്പൊരി ഫിനിഷിംഗും ഇന്ത്യക്ക് കരുത്തായി.
ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 103 റണ്‍സ് യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും ചേര്‍ത്തെങ്കിലും റുതു 25 റണ്‍സെടുത്ത് പുറത്തായി. ഇതിന് ശേഷം തിലക് വര്‍മ്മ രണ്ടിലും ജിതേഷ് ശര്‍മ്മ അഞ്ചിലും മടങ്ങിയപ്പോള്‍ ശിവം ദുബെയെ (19 പന്തില്‍ 25*) കൂട്ടുപിടിച്ച് റിങ്കു സിംഗ് (15 പന്തില്‍ 37*), അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ഇന്ത്യയെ 200 കടത്തുകയായിരുന്നു.
മറുപടി ബാറ്റിംഗില്‍ മോശമല്ലാത്ത തുടക്കം നേപ്പാളിന് കിട്ടിയെങ്കിലും ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കാനായില്ല. ആസിഫ് ഷെയ്ഖ്(10), കുശാല്‍ ബ്രൂടെല്‍(28), കുശാല്‍ മല്ല(29), രോഹിത് പൗഡല്‍ (3) എന്നിങ്ങനെയായിരുന്നു ടോപ് ഫോറിന്‍റെ സ്കോര്‍.
മികവ് കാട്ടിയ ദീപേന്ദ്ര സിംഗും(32), സന്ദീപ് ജോറയും(29) കൂടി മടങ്ങിയതോടെ നേപ്പാളിന് അവസാന നാല് ഓവറില്‍ ജയിക്കാന്‍ 56 റണ്‍സ് വേണമെന്നായി. സോംപാല്‍ കാമി (7), ഗുല്‍സാന്‍ ഝാ (6) എന്നിവരെ മടക്കി ഇന്ത്യ മുന്‍തൂക്കം നേടിയപ്പോള്‍ പിന്നാലെ സന്ദീപ് ലമിച്ചാനെ 5 റണ്‍സുമായി മടങ്ങി. കരണ്‍ കെസിക്കും (12*), അബിനാഷ് ബൊഹാറയ്‌ക്കും (0) അവസാന ഓവറിലെ 30 റണ്‍സ് വിജയലക്ഷ്യം നേടാനായില്ല.