കൊൽക്കത്ത: ഏകദിന ലോകകപ്പിൽ സൗത്ത് ആഫ്രിക്കയും ഇന്ത്യയും നേർക്കുനേർ, ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീർച്ചയായും മുറുകും. പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമത് ഇന്ത്യയും രണ്ടാമത് സൗത്ത് ആഫ്രിക്കയുമാണ്.
കോൽക്കത്ത, ഈഡൻ ഗാർഡൻസിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ ലോകകപ്പിൽ ഒരു ഇന്ത്യൻ ആധിപത്യം തന്നെയുണ്ട്. തുടർച്ചയായ എട്ടാം വിജയം കൈകളാകാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഴ് മത്സരങ്ങളിൽ 14 പോയിന്റാണ് ഇന്ത്യക്ക്.
മറുവശത്ത് സൗത്ത് ആഫ്രിക്കയും ഒട്ടും മോശക്കാരല്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണുള്ളത്. എന്നാൽ നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ വളരെ ഉയരത്തിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യക്ക് +2.102 റൺറേറ്റാണുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്ക് +2.290 ഉണ്ട്. ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഒന്നാമതെത്തും. ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്ന മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. പകരം പേസർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ബൗളിംഗ് ഡിപാർട്ട്‌മെന്റിൽ മാറ്റത്തിന് സാധ്യതയില്ല.
ജസ്പ്രിത് ബുമ്ര - മുഹമ്മദ് സിറാജ് - മുഹമ്മദ് ഷമി പേസ് സഖ്യം തന്നെ തുടരാനാണ് സാധ്യത. കുൽദീപ് യാദവിനേയും മാറ്റാൻ സാധ്യതയില്ല. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും കളിക്കും. ബാറ്റിംഗ് നിരയിലും മാറ്റമുണ്ടാകില്ല.
ശ്രേയസ് അയ്യർ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. മുൻ നിരയിൽ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി തുടരും. പിന്നാലെ ശ്രേയസ് കളിക്കും. അടുത്തത് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ. ഹാർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവ് ഫിനിഷർ റോളിലും കളിക്കും.
ടീം ഇന്ത്യ സാധ്യതാ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.