നാഗ്പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ. വിക്കറ്റ് നേട്ടത്തിനൊപ്പം വിവാദവും എത്തി. മത്സരത്തിനിടെ ജഡേജ വിരലില്‍ കൃത്രിമം നടത്തിയതായാണ് ആരോപണം.
സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അതുപയോഗിച്ച് വിരലില്‍ ഉരയ്ക്കുന്നതും കാണാം എന്നാണ് വാദം. എന്നാല്‍ വിരലിലല്ല, പന്തിലാണ് ജഡേജ എന്തോ ചെയ്യുന്നത് എന്ന മറുവാദവും ഉയരുന്നുണ്ട്.
ആരോപണത്തില്‍ ഇന്ത്യന്‍ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി ഓസീസ് ടെസ്റ്റ് ടീം മുന്‍ നായകന്‍ ടിം പെയ്ന്‍ രംഗത്തെത്തി. ഇന്ററസ്റ്റിംഗ് എന്നാണ് ടിം പെയ്ന്‍ പ്രതികരിച്ചത്.
നാഗ്പൂരില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സില്‍ 63.5 ഓവറില്‍ 22 ഓവറും എറിഞ്ഞ ജഡേജ 47 മാത്രം റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വമ്പന്‍മാരായ മാര്‍നസ് ലബുഷെയ്നെയും സ്റ്റീവ് സ്മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്സ്‌കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും ജഡേജ പുറത്താക്കി.
കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷമുള്ള മടങ്ങിവരവിലാണ് ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡേജ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
രഞ്ജി ട്രോഫിയില്‍ ഒരിന്നിംഗ്സിലെ ഏഴ് അടക്കം മത്സരത്തില്‍ എട്ട് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു.