ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ നോക്കൗട്ട് മത്സരങ്ങള്‍ വിജയിക്കാനുള്ള ഇന്ത്യയുടെ സാധ്യത ബുമ്രയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
'ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ പരിക്കേറ്റ താരങ്ങളുടെ തിരിച്ചുവരവിനെ ആശ്രയിച്ചിരിക്കും. നീണ്ട പരിക്കിന് ശേഷം ബുമ്ര ഇപ്പോള്‍ തിരിച്ചുവരികയാണ്, അദ്ദേഹം എത്രത്തോളം ഫിറ്റ്‌നാണെന്ന് നമുക്ക് ഒരു ധാരണ ലഭിക്കും. ഇന്ത്യയ്ക്ക് അത് ആവശ്യമാണ്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ ബുംറ പൂര്‍ണ ആരോഗ്യവാനായി ഇരിക്കേണ്ടതുണ്ട്' കൈഫ് ചൂണ്ടിക്കാട്ടി.
നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ബുമ്ര ടീമിന് പുറത്താണ്. ഐസിസി ടി20 വേള്‍ഡ് കപ്പ് 2022, ഏഷ്യാ കപ്പ് 2022 തുടങ്ങിയ കാര്യമായ നിര്‍ണായക ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
2023 മാര്‍ച്ചില്‍, ന്യൂസിലന്‍ഡില്‍ വെച്ച് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം, ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പരിശീലനത്തിലായിരുന്നു താരം. എന്നാല്‍ ഇപ്പോഴിതാ തിരിച്ചുവരവിനൊരുങ്ങുകയാണ് ജസ്പ്രീത് ബുമ്ര.
ഈ മാസം അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ യുവ ടീമിന്റെ ക്യാപ്റ്റനായി ബുമ്രയെ തിരഞ്ഞെടുത്തിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവായിരിക്കും ഈ പരമ്പര.