രണ്ടാം ദിനം തിരിച്ചടിച്ച് ഇന്ത്യ; ഓസീസ് 197 റണ്‍സിന് പുറത്ത്, 88 റണ്‍സ് ലീഡ്

മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയതോടെ ഉമേഷ് യാദവ് ഇന്ത്യയില്‍ നൂറാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി.

author-image
greeshma
New Update
രണ്ടാം ദിനം തിരിച്ചടിച്ച് ഇന്ത്യ; ഓസീസ് 197 റണ്‍സിന് പുറത്ത്, 88 റണ്‍സ് ലീഡ്

 

 

ഇന്‍ഡോര്‍: ബോര്‍ഡര്‍ -ഗാവസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിനം ഓസ്‌ട്രേലിയക്ക് തിരിച്ചടി. 197 റണ്‍സിനു ഇന്ത്യ ഓസ്‌ട്രേലിയയെ പുറത്താക്കി. 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസ് മടങ്ങിയത്. എന്നാല്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയയെ 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ പുറത്താക്കി.

രണ്ടാം ദിനം കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കാമറൂണ്‍ ഗ്രീനിന്റെ നിര്‍ണായക വിക്കറ്റടക്കം വീഴ്ത്തിയ പേസര്‍ ഉമേഷ് യാദവ് ആണ്. അഞ്ച് ഓവറുകള്‍ പന്തെറിഞ്ഞ താരം 12 റണ്‍സ് മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രവീന്ദ്ര ജഡേജ ആദ്യ ദിനം നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മൂന്നു വിക്കറ്റു നേടി ആര്‍. അശ്വിനും താരമായി.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (ആറ് പന്തില്‍ ഒന്‍പത്) നഷ്ടമായെങ്കിലും ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ ബാറ്റിങ് ആദ്യ ദിനം ഓസീസിനെ മുന്നിലെത്തിച്ചിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ ഖവാജ 147 പന്തില്‍ 60 റണ്‍സെടുത്താണു പുറത്തായത്.

മാര്‍നസ് ലബുഷെയ്ന്‍ (91 പന്തില്‍ 31), സ്റ്റീവ് സ്മിത്ത് (38 പന്തില്‍ 26) എന്നിങ്ങനെയാണു ആദ്യ ദിവസം പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സ്‌കോറുകള്‍. രണ്ടാം ദിവസം ഓസ്‌ട്രേലിയന്‍ മധ്യനിരയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ കളി നിയന്ത്രണത്തിലാക്കി.

പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (98 പന്തില്‍ 19), കാമറൂണ്‍ ഗ്രീന്‍ (57 പന്തില്‍ 21), അലക്‌സ് കാരി (ഏഴു പന്തില്‍ മൂന്ന്), മിച്ചല്‍ സ്റ്റാര്‍ക്ക് (മൂന്ന് പന്തില്‍ ഒന്ന്), നേഥന്‍ ലയണ്‍ (എട്ടു പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് രണ്ടാം ദിനം പുറത്തായ ഓസീസ് താരങ്ങള്‍ക്കു നേടാനായ റണ്‍സ്.  മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയതോടെ ഉമേഷ് യാദവ് ഇന്ത്യയില്‍ നൂറാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി.

india australia third test day results