പാരിസ്: പോളണ്ടിന്റെ ഇഗ സ്യാതെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമാണ് ഇഗ. 43ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയെ 62, 57, 64 സ്‌കോറിനാണ് ഇഗ പരാജയപ്പെടുത്തിയത്. ഇഗയുടെ നാലാം ഗ്രാന്‍സ്ലാം കിരീടമാണിത്. മൂന്നാം ഫ്രഞ്ച് ഓപ്പണും.
16 വര്‍ഷത്തിനിടെ പാരിസില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതയെന്ന നേട്ടം ഇഗ കരസ്ഥമാക്കി. 2007ല്‍ ചാംപ്യനായ ജസ്റ്റിന്‍ ഹെനിനുശേഷം ഇതുവരെ ആര്‍ക്കും ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്താനായിട്ടില്ല. മുച്ചോവയുടെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറിയ ഇഗ ചെറിയൊരു വെല്ലുവിളി നേരിട്ടത് ബ്രസീലിന്റെ ബിയാട്രിസ് ഹദാദിനെതിരായ സെമിഫൈനല്‍ പോരാട്ടത്തിന്റെ രണ്ടാം സെറ്റില്‍ മാത്രമാണ് (62, 76). ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ എട്ടാം സീഡ് മരിയ സക്കാരിയെ തോല്‍പിച്ച് അട്ടിമറിക്കുതിപ്പിനു തുടക്കമിട്ട മുച്ചോവ സെമിയില്‍ വീഴ്ത്തിയത് രണ്ടാം സീഡ് അരീന സബലേങ്കയെയാണ്.