കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് സെമിയില്‍ തോല്‍വി. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക മൂന്നാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോട് ഒമ്പതാം നമ്പര്‍ താരം പ്രണോയ് പരാജയപ്പെട്ടത്.
സ്കോര്‍: 21-18, 13-21, 14-21.
ആദ്യ ഗെയിം മികച്ച പ്രകടനം പുറത്തെടുത്ത് പ്രണോയ് സ്വന്തമാക്കി. രണ്ട്, മൂന്ന് ഗെയിമുകളില്‍ വിദിത്സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്കായില്ല.
സെമിയില്‍ തോറ്റെങ്കിലും പ്രണോയ് വെങ്കല മെഡല്‍ സ്വന്തമാക്കി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്.