റൂര്‍ക്കേല: ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. ചാമ്പ്യന്‍മാരായ ബല്‍ജിയം ഉള്‍പ്പടെ 16 ടീമുകളാണ് മത്സരിക്കുന്നത്.
വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടനം നടന്നു.ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുര്‍, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവര്‍ പങ്കെടുത്തു.അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയുമാണ് ലോകകപ്പില്‍ ആദ്യം ഏറ്റുമുട്ടുന്നത്.
ഉച്ചയ്ക്ക് 1 മണിക്കാണ് മത്സരം. മൂന്ന് മണിക്ക് ഓസ്ട്രേലിയ ഫ്രാന്‍സിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-സ്പെയ്ന്‍ പോരാട്ടം. ഇത്തവണ ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍.
കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ന് ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. റൂര്‍ക്കേലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ-സ്‌പെയിന്‍ മത്സരം.
നാലാം ലോകകപ്പിനിറങ്ങുന്ന മലയാളി താരം ആര്‍ ശ്രീജേഷ് അടക്കം ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇത്തവണപ്രതീക്ഷകളേറെയാണ്.
ഉപനായകന്‍ അമിത് രോഹിഡാസ്, മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, മന്‍ദീപ് സിങ്, ആകാഷ്ദീപ് സിങ് എന്നിവരാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റുതാരങ്ങള്‍. പൂള്‍ ഡി-യില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് ടീമുകളാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.