ദുബായ്: ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഫീല്‍ഡിലും സമ്മാനദാന ചടങ്ങിനിടയിലും മോശമായി പെരുമാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് വിലക്കാന്‍ സാധ്യത. മത്സരത്തില്‍ പുറത്തായതിനു പിന്നാലെ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ച ഹര്‍മന്‍പ്രീത് അമ്പയറുടെ തീരുമാനത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചതിനു ശേഷമാണ് ക്രീസ് വിട്ടത്.
മത്സര ശേഷം സമ്മാനദാന ചടങ്ങിനിടെ അമ്പയറിങ് പരിതാപകരമായിരുന്നുവെന്നും താരം തുറന്നടിച്ചു. അതുകൊണ്ടും കലിപ്പ് തീരാതെ ബംഗ്ലാദേശ് താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ച അമ്പയര്‍മാരെ കൂടി വിളിക്കൂ എന്ന ഹര്‍മന്റെ പ്രതികരണവും വിവാദത്തിന് വഴിവെച്ചു.സംഭവത്തില്‍
പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന പ്രതിഷേധം അറിയിച്ച് ടീം അംഗങ്ങളെയും കൂട്ടി ഗ്രൗണ്ട് വിടുകയും ചെയ്തത് വിവാദത്തിന് ആക്കം കൂട്ടി.
തുടര്‍ന്ന് ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹര്‍മന് നാല് ഡീമെറിറ്റ് പോയന്റുകള്‍ ലഭിച്ചേക്കും. ഐസിസി പെരുമാറ്റച്ചട്ടം ലെവല്‍ 2 അനുസരിച്ചുള്ള കുറ്റമാണ് താരം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഐസിസി ഇതുവരെ നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. നടപടി വന്നാല്‍ ഐസിസി പെരുമാറ്റച്ചട്ടം ലെവല്‍ 2 പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാകും ഹര്‍മന്‍പ്രീത്.
ഉപകരണങ്ങള്‍ കേടുവരുത്തിയതിന് മൂന്ന് ഡീമെറിറ്റ് പോയന്റും മാച്ച് ഒഫീഷ്യല്‍സിനെ പരസ്യമായി വിമര്‍ശിച്ചതിന് ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചേക്കും. അന്തിമ തീരുമാനം ഐസിസിയുടേതായിരിക്കും. വിഷയത്തില്‍ ബിസിസിഐ ഐസിസിയുമായി സംസാരിച്ചുവെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിനു പിന്നാലെ ബംഗ്ലാദേശ് ടീം ഹര്‍മന്‍പ്രീതിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിനൊപ്പം മാച്ച് ഓഫീഷ്യല്‍സിന്റെ റിപ്പോര്‍ട്ട് കൂടി വന്നാല്‍ മത്സര വിലക്കിന് വരെ സാധ്യതയുണ്ട്. താരത്തിന് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയായി നല്‍കേണ്ടിയും വന്നേക്കും.
വിക്കറ്റ് അടിച്ചുതെറിപ്പിച്ചത് ഉള്‍പ്പെടെയുള്ള പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാന ചടങ്ങിനിടെ നടത്തിയ മോശം പ്രതികരണത്തിന് 25 ശതമാനവുമാണ് പിഴ ചുമത്തിയേക്കുക. ഇതിനെല്ലാം പുറമെയാണ് മത്സരവിലക്കിനുള്ള സാധ്യതയും നിലനില്‍ക്കുന്നത്. അങ്ങനെ വന്നാല്‍ ഏഷ്യന്‍ ഗെയിംസിലെ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.
ഹരിത അക്തര്‍ എറിഞ്ഞ 34-ാം ഓവറിലെ നാലാം പന്തിലാണ് ഹര്‍മന്‍പ്രീത് (14) പുറത്തായത്. സ്വീപ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉയര്‍ന്ന പന്ത് സ്ലിപ്പില്‍ ഫഹിമ ഖാത്തൂന്‍ ക്യാച്ചെടുക്കുകയായിരുന്നു. പാഡില്‍ തട്ടിയാണോ പന്ത് ഉയര്‍ന്നതെന്ന സംശയമുണ്ട്. എന്തായാലും ഒട്ടും സംശയിക്കാതെ അമ്പയര്‍ ഔട്ട് വിളിച്ചു. ഈ തീരുമാനം ഹര്‍മന്‍പ്രീതിന് ഒട്ടും ദഹിച്ചില്ല. മത്സരശേഷം സംസാരിക്കവേ, അമ്പയറിങ് ദയനീയമാണെന്ന് ഹര്‍മന്‍പ്രീത് തുറന്നുപറയുകയും ചെയ്തു.
അതെസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറച്ചുകൂടെ മാന്യതയോടെ പെരുമാറേണ്ടതായിരുന്നെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന പ്രതികരിച്ചു. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ നാലിന് 225 റണ്‍സെടുത്തിരുന്നു.
ഹര്‍മന്‍ പ്രീത് പുറത്താകുമ്പോള്‍ മൂന്നിന് 160 എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴുവിക്കറ്റ് ശേഷിക്കേ ജയിക്കാന്‍വേണ്ടത് 66 റണ്‍സ് മാത്രം. അവസാനം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ 49.3 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ടായതോടെ കളി 'ടൈ' ആയി.