രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഏറ്റവും മികച്ച ബൗളിംഗ് തിരഞ്ഞെടുപ്പുകളിലൊന്നാണ് രവിചന്ദ്രന്‍ അശ്വിനെന്നും 2023 ക്രിക്കറ്റ് ലോകകപ്പില്‍ അദ്ദേഹം കളിക്കുന്ന കാര്യം ടീം മാനേജ്മെന്റ് ശ്രദ്ധിക്കണമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മാന്യമായ തിരിച്ചുവരവ് നടത്തി. പക്ഷെ ലോകകപ്പ് ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ആരാധകരില്‍ നിന്നും വിദഗ്ധരില്‍ നിന്നുമുള്ളത്.
2023ലെ ഏഷ്യാ കപ്പില്‍ പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിന്‍ ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ ഇടംനേടിയത്. ''സ്‌കില്ലാണ് കൂടുതല്‍ പ്രധാനമെന്ന് ആളുകള്‍ തിരിച്ചറിയുന്നു. ഞാന്‍ ക്യാപ്റ്റനോ മാനേജ്മന്റ് അംഗമോ ആയിരുന്നെങ്കില്‍ എന്റെ ബെസ്റ്റ് ബൗളര്‍മാരെ ഞാന്‍ എടുക്കും, അതില്‍ അശ്വിന്‍ ഒന്നാമതോ രണ്ടാമതോ ആയിരിക്കും'-ഹര്‍ഭജന്‍ പറഞ്ഞു.
നേരത്തെ, ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച ഹര്‍ഭജന്‍, ക്രിക്കറ്റ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും അദ്ദേഹം കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഒരു 'പ്യുവര്‍ മാച്ച് വിന്നര്‍' ആണെന്നും പറഞ്ഞു.
സൂര്യകുമാര്‍ യാദവ് എല്ലാ മാച്ചുകളും കളിക്കണം,ആരെ മാറ്റിയാലും പ്രശ്‌നമില്ല അവനെ ആദ്യം എടുക്കണം പിന്നീട് മറ്റുള്ളവരെ. അവന്‍ തന്നെ അഞ്ചാം നമ്പറില്‍ കളിക്കണം-ഹര്‍ഭജന്‍ സിംഗ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പറഞ്ഞു.