ധരംശാല: വിരാട് കോലിയുടെ മിന്നും പ്രകടനം കൊണ്ട് ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അഞ്ചാം ജയം നേടിയതിന് പിന്നാലെ വിരാട് കോലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ വലിയ വിമര്‍ശകനായ ഗൗതം ഗംഭീര്‍.
ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ലെന്നും കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന ആള്‍ മാത്രമല്ല ഫിനിഷറെന്നും ഗംഭീര്‍ വ്യക്തമാക്കി. തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാളികള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഐപിഎല്ലിനിടെ ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്ററായിരുന്ന ഗൗതം ഗംഭീറും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖും കോലിയുമായുള്ള പ്രശ്‌നത്തില്‍ ഇടപെട്ട ഗംഭീര്‍ മത്സരത്തിനൊടുവില്‍ കോലിയോട് രൂക്ഷമായ വാക് തര്‍ക്കത്തിലും ഏര്‍പ്പെട്ടിരുന്നു. പിന്നീട് ഗംഭീറും നവീനും പോകുന്നയിടങ്ങളിലെല്ലാം ആരാധകര്‍ കോലി ചാന്റ് ഉയര്‍ത്തി പ്രതിഷേധിക്കുകയും ഗംഭീര്‍ അവരോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.