കൊല്‍ക്കത്ത: 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ വന്‍ തീപിടിത്തം.
സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നില്‍ തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ 'സംഗബാദ് പ്രതിദിന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളാണ് 'എവേ ടീം' ഡ്രസിങ് റൂമില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഈ ഡ്രസിങ് റൂമിന് പുറത്ത് നവീകരണ ജോലികള്‍ നടന്നിരുന്നു. ഡ്രസിങ് റൂമിന്റെ ഫോള്‍സ് സീലിങ്ങില്‍ നിന്ന് പുക വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു. ഐസിസി, ബിസിസിഐ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച വേദി പരിശോധിച്ചിരുന്നു. സ്‌റ്റേഡിയത്തിലുണ്ടായ തീപിടുത്തം ലോകകപ്പിനുള്ള ഒരുക്കങ്ങളെ ബാധിക്കാന്‍ സാധ്യതയില്ല.
നവംബര്‍ 16 ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ അടക്കം ആറ് മത്സരങ്ങളാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുക. ഒക്ടോബര്‍ 31 നാണ് ഈ വേദിയിലെ ആദ്യ മത്സരം.
പാകിസ്താനും ബംഗ്ലാദേശുമാണ് ഏറ്റിമുട്ടുന്നത്. നവംബര്‍ അഞ്ചിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.