പല്ലെക്കലെ (ശ്രീലങ്ക) :ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ചീഫ് സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് പ്രഖ്യാപിച്ചു. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെ, വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിനെ നിലനിർത്തി ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിലുണ്ടായിരുന്ന ബാറ്റർ തിലക് വർമയെയും പേസർ പ്രസിദ്ധ് കൃഷ്ണയെയും ഒഴിവാക്കിയാണ് 15 അംഗ ടീം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ച സാഹചര്യത്തിലാണ് രാഹുലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. രാഹുലിന്റെ ശാരീരികക്ഷമതയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു.ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായിരിക്കും രാഹുൽ. ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പർ. ഇതോടെ മലയാളി താരം സഞ്ജു സാംസൺ പുറത്തായി.പക്ഷെ കെ.എൽ.രാഹുൽ ടീമിൽ, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ്. ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.
ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശരാശരി പ്രായം മുപ്പതാണ്. 36 വയസ്സുള്ള രോഹിത് ശർമയാണ് ടീമിലെ ഏറ്റവും പ്രായം കൂടിയ താരം. ഇരുപത്തിമൂന്നുകാരൻ ശുഭ്മൻ ഗില്ലാണ് പ്രായം കുറഞ്ഞ താരം.