സൂറിച്ച്: വനിതാ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ സസ്പെന്‍ഡ് ചെയ്ത് ഫിഫ. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തു.
ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. ലൂയിസ് റൂബിയാലെസിന്റ പെരുമാറ്റം കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഫിഫയുടെ നടപടി.
വനിതാ ലോകകപ്പില്‍ സ്പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു.
തന്റെ അനുവാദമില്ലാതെയാണ് ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് വ്യക്തമാക്കി ജെന്നിഫര്‍ ഹെര്‍മോസോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.