ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും വിജയ കുതിപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി ഞായറാഴ്ച തോല്‍പ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സിറ്റി താരങ്ങള്‍ പന്തിനെ നിയന്ത്രിച്ചു. ആദ്യ പകുതിയില്‍ നോട്ടിങ്ഹാം പോസ്റ്റിന് സമീപമാണ് മത്സരം പുരോഗമിച്ചത്. ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ഫില്‍ ഫോഡന്‍ ആണ് ഗോള്‍ നേട്ടത്തിന് തുടക്കം കുറിച്ചത്.
കളിയുടെ 14-ാം മിനിറ്റില്‍ സിറ്റി വീണ്ടും മുന്നിലെത്തി. ഇത്തവണ എര്‍ലിങ് ഹാളണ്ടിന്റെ തകര്‍പ്പന്‍ ഹെഡററിലൂടെ ആയിരുന്നു ഗോള്‍ വലകുലുക്കിയത്. ഗോള്‍ ലക്ഷ്യവുമായി സിറ്റി താരങ്ങള്‍ വീണ്ടും നോട്ടിങ്ഹാം ഗോള്‍പോസ്റ്റിലേക്കെത്തി. പ്രതിരോധം ശക്തിപ്പെടുത്തിയ നോട്ടിങ്ഹാം കൂടുതല്‍ ഗോള്‍ വഴങ്ങുന്നത് ഒഴിവാക്കി. ആദ്യ പകുതി രണ്ട് ഗോള്‍ ലീഡുമായി മാഞ്ചസ്റ്റര്‍ മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും നോട്ടിങ്ഹാമിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോഡ്രിഗോ ഹെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. നോട്ടിങ്ഹാം താരം മോര്‍ഗന്‍ ഗിബ്‌സ് വൈറ്റിന്റെ കഴുത്തില്‍ പിടിച്ചതിനാണ് റോഡ്രിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഇതോടെ ഒക്ടോബര്‍ എട്ടിന് നടക്കുന്ന ആഴ്‌സണലിനെതിരായ മത്സരം ഉള്‍പ്പടെ റോഡ്രിക്ക് നഷ്ടമാകും. മൂന്ന് മത്സരങ്ങളിലാണ് റോഡ്രിക്ക് വിലക്ക്.
മറ്റൊരു മത്സരത്തില്‍ ലൂട്ടണ്‍ ടൗണ്‍, വോള്‍വ്‌സിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടി. ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമും തമ്മിലുള്ള മത്സരവും സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ബ്രന്‍ഡ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ എവര്‍ട്ടന്‍ തകര്‍പ്പന്‍ ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എവര്‍ട്ടന്റെ ജയം.