ബെംഗളൂരു: ഇന്ത്യയില്‍ വച്ചു നടന്ന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ന്യൂസീലന്‍ഡിന്റെ യുവ ഓപ്പണര്‍ രചിന്‍ രവീന്ദ്ര. ഇത്തവണത്തെ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് ശനിയാഴ്ച പാകിസ്താനെതിരേ രചിന്‍ കുറിച്ചത്. ഈ ഒരു ഇന്നിങ്സോടെ നിരവധി റെക്കോഡുകളും താരം സ്വന്തമാക്കി.
ലോകകപ്പില്‍ മൂന്ന് സെഞ്ചുറി കുറിച്ച രചിന്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ന്യൂസീലന്‍ഡ് താരമായി. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ന്യൂസീലന്‍ഡ് ബാറ്ററും രചിന്‍ തന്നെ. 1975 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ മുന്‍താരം ഗ്ലെന്‍ ടര്‍ണര്‍, 2015 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 2019 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ കെയ്ന്‍ വില്യംസണ്‍ എന്നിവരെയാണ് രചിന്‍ പിന്നിലാക്കിയത്.
അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോഡും താരം സ്വന്തമാക്കി. ഇതോടൊപ്പം ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡും രചിന്‍ പഴങ്കഥയാക്കി. 25 വയസ് പൂര്‍ത്തിയാകും മുമ്പ് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്ന് 23-കാരനായ രചിന്‍ സ്വന്തമാക്കിയിരിക്കുന്നത്. 25 തികയും മുമ്പ് രണ്ട് ലോകകപ്പ് സെഞ്ചുറികളായിരുന്നു സച്ചിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
ഇതോടൊപ്പം 25 വയസ് തികയും മുമ്പ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും രചിന് മുന്നില്‍ ഭീഷണിയിലാണ്. 1996 ലോകകപ്പില്‍ 532 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ഇത്തവണ ഇതിനോടകം എട്ട് മത്സരങ്ങളില്‍ നിന്ന് രചിന്‍ 523 റണ്‍സ് നേടിയിട്ടുണ്ട്.
ഇതോടൊപ്പം അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോയുടെ റെക്കോഡും രചിന്‍ മറികടന്നേക്കും. 2019 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 532 റണ്‍സായിരുന്നു ബെയര്‍സ്റ്റോയുടെ സമ്പാദ്യം.