കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി പാക്കിസ്ഥാന് കിരീടം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 128 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 40 ഓവറില്‍ 224 റണ്‍സിന് എല്ലാവരും പുറത്തായി.
അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് (51 പന്തില്‍ 61) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാനായി സൂഫിയന്‍ മുഖീം 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചറി കടന്നത് ഒരേയൊരാള്‍ മാത്രം. 51 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ. 41 പന്തില്‍ നാലു ഫോറുകളോടെ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദൂലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.
പാക്കിസ്ഥാനായി സൂഫിയന്‍ മുഖീമിനു പുറമെ മെഹ്‌റാന്‍ മുംതാസ്, അര്‍ഷാദ് ഇഖ്ബാല്‍, മുഹമ്മദ് വസിം ജൂനിയര്‍ എന്നിവര്‍ രണ്ടും മുബാസിര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.