കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു.
തയബ് താഹിറിന്റെ സെഞ്ചറിക്കരുത്തിലാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 71 പന്തുകള്‍ നേരിട്ട തയബ് താഹിര്‍ 108 റണ്‍സെടുത്തു പുറത്തായി.
121 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് സയിം അയൂബും സാഹിബ്‌സദ ഫര്‍ഹാനും ചേര്‍ന്ന് പാക്കിസ്ഥാന് നല്‍കിയത്. 51 പന്തില്‍ 59 റണ്‍സെടുത്ത സയിം അയൂബിനെ മാനവ് സുതാറിന്റെ പന്തില്‍ ഇന്ത്യന്‍ കീപ്പര്‍ ധ്രുവ് ജുറേല്‍ പുറത്താക്കി. 62 പന്തില്‍ 65 റണ്‍സെടുത്ത ഫര്‍ഹാന്‍ റണ്ണൗട്ടായി.
ഒമൈര്‍ യൂസഫ് 35 പന്തില്‍ 35 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങുമായി തയബ് താഹിര്‍ ഇറങ്ങിയതോടെയാണ് പാക്കിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ന്നത്. 12 ഫോറും നാലു സിക്‌സുമാണ് താഹിര്‍ അതിര്‍ത്തി കടത്തിയത്. ക്വാസിം അക്രമും (പൂജ്യം), പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസും (ആറു പന്തില്‍ രണ്ട്) വന്നപോലെ മടങ്ങി.
ഇന്ത്യയ്ക്കായി ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.