റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍- ഇത്തിഹാദിനെതിരെ കളിച്ചിട്ടും അല്‍- നസര്‍ ക്ലബിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിന് ഇത്തിഹാദ് അല്‍-നസറിനെ വീഴിത്തി വിജയിച്ചു. അല്‍ നസറിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനു ശേഷം രോഷത്തോടെയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇത്തിഹാദ് ആരാധകര്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചിരുന്നു.കളി അവസാനിച്ചു മടങ്ങിയ റൊണാള്‍ഡോ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന കുടിവെള്ളത്തിന്റെ കുപ്പികള്‍ രോഷത്തോടെ തട്ടിത്തെറിപ്പിച്ചു. മത്സരത്തിനു ശേഷം റൊണാള്‍ഡോയെ കളിയാക്കിക്കൊണ്ട് ഇത്തിഹാദ് 'റൊണാള്‍ഡോ എവിടെ?' എന്നാണു ട്വീറ്റ് ചെയ്തത്. അതെ സമയം നിരാശപ്പെടുത്തുന്ന മത്സര ഫലമാണിതെന്നും അടുത്ത മത്സരങ്ങളിലാണു ഇനി ശ്രദ്ധയെന്നും റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.
സീസണില്‍ അല്‍ നസറിന്റെ രണ്ടാം തോല്‍വിയാണിത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോയ്ക്കു ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളിയുടെ ആദ്യ പകുതിയില്‍ റൊണാള്‍ഡോ മികച്ചൊരു ഷോട്ട് എടുത്തെങ്കിലും ഇത്തിഹാദിന്റെ ഗോള്‍ കീപ്പര്‍ മാര്‍സെലോ ഗ്രോഹെ പന്തു സേവ് ചെയ്തു. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റൊമാരീഞ്ഞോയുടെ ഗോളിലാണ് ഇത്തിഹാദ് മുന്നിലെത്തിയത്. ജയത്തോടെ അല്‍ നസറിനെ പിന്നിലാക്കി അല്‍ ഇത്തിഹാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി.