കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഈ സീസണില്‍ നിരവധി താരങ്ങളുണ്ട്. അവരില്‍ ഏറ്റവും ശ്രദ്ധേയന്‍ റിങ്കു സിംഗ് ആണ്. കാരണം റിങ്കു സിംഗിനെപ്പോലൊരു ഫിനിഷര്‍ക്കൊപ്പം നില്‍ക്കുന്നൊരു കളിക്കാരനെ പറയാന്‍ പ്രയാസമാണ്.
സീസണില്‍ കൊല്‍ക്കത്ത 12 പോയന്റ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് റിങ്കുവെന്ന ഫിനിഷറോട് മാത്രമായിരിക്കും.
ശനിയാഴ്ച ലഖ്‌നൗവിനെതിരെ കൊല്‍ക്കത്ത ഒരു റണ്ണിന് തോറ്റിട്ടും റിങ്കുവിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ്. കൊല്‍ക്കത്തയെ തോല്‍പ്പിച്ച് പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആവേശത്തില്‍ പോലും ലഖ്‌നൗ നായകന്‍ ക്രുനാല്‍ പാണ്ഡ്യ റിങ്കുവിനെ ചേര്‍ത്തുപിടിച്ചു.
എതിരാളികള്‍ പോലും റിങ്കുവിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ്. ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആരെന്ന ചോദ്യത്തിന് റിങ്കു സിംഗ് എന്ന ഒറ്റ ഉത്തരമെ ഉള്ളൂ എന്ന് പറഞ്ഞത് മറ്റാരുമല്ല, മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ആണ്!
റിങ്കു ഓരോ പന്ത് നേരിടുമ്പോഴും ഞങ്ങളുടെ ചങ്കില്‍ തീയായിരുന്നു എന്നായിരുന്നു ലഖ്‌നൗ താരം രവി ബിഷ്‌ണോയി മത്സരശേഷം പറഞ്ഞത്. ഇത്തരമൊരു ബാറ്റിംഗ് താന്‍ കണ്ടിട്ടില്ലെന്നും അവിശ്വസനീയമായിരുന്നു റിങ്കുവിന്റെ പ്രകടനമെന്നും ബിഷ്‌ണോയ് പറഞ്ഞു.