ബാക്കു: ചെസ് ലോകകപ്പ് ഫൈനലില്‍ നോര്‍വെയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനോട് പൊരുതി നിന്ന ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദയ്ക്ക് ഒടുവില്‍ തോല്‍വി. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സന്‍ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിലായതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്.