മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിനും എ സി മിലാനും ജയം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയെ പരാജയപ്പെടുത്തിയത്.
21ാം മിനിറ്റില്‍ കരീം ബെന്‍സേമയും 74ാം മിനിറ്റില്‍ മാര്‍കോ അസെന്‍സിയോയുമാണ് ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍സേമയുടെ തൊണ്ണൂറാം ഗോളാണിത്.
ബെന്‍ ചില്‍വെല്‍ അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരുമായാണ് ചെല്‍സി കളി പൂര്‍ത്തിയാക്കിയത്.
യാവോ ഫെലിക്‌സിന്റെയും റഹിം സ്റ്റെര്‍ലിംഗിന്റെയും ഗോളുന്നുറച്ച ഷോട്ടുകള്‍ തട്ടിയകറ്റിയ ഗോളി തിബോത് കോര്‍ത്വയുടെ മികച്ച സേവുകളും റയലിന്റെ വിജയത്തില്‍ നിര്‍ണായകമായി.
എ സി മിലാന്‍ ഒരു ഗോളിന് ആണ് നാപ്പോളിയെ തോല്‍പിച്ചത്. സെരി എയിലെ ഒന്നാം സ്ഥാനക്കാരായ നാപ്പോളിക്കെതിരെ ഇസ്മായില്‍ ബെനസെറാണ് നിര്‍ണായക ഗോള്‍ നേടിയത്.
ഇടവേളയ്ക്ക് തൊട്ടുമുന്‍പായിരുന്ന മിലാന്റെ ഗോള്‍. രണ്ടാം പകുതിയില്‍ സാംബോ ആന്‍ഗ്വിസ ചുവപ്പ് കാര്‍ഡ് കണ്ടത് നാപ്പോളിക്ക് തിരിച്ചടിയായി. ഈ മാസം 20 നാണ് രണ്ടാംപാദ മത്സരം.