മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് മാഞ്ചസ്റ്റര്‍ സിറ്റി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
വിനീഷ്യസ് ജൂനിയര്‍ 36-ാം മിനുറ്റില്‍ റയലിനെ മുന്നിലെത്തിച്ചു.
സീസണില്‍ വിനീഷ്യസിന്റെ 23-ാമത്തെ ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം പകുതിയില്‍ 67-ാം മിനുറ്റില്‍ കെവിന്‍ ഡബ്രൂയിനെയിലൂടെ സിറ്റി ഒപ്പമെത്തി.
എന്നാല്‍ ഡിബ്രൂയിനെ നേടിയ ഗോളിനെക്കുറിച്ച് വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഡിബ്രൂയിനെ നേടിയ സിറ്റിയുടെ സമനില ഗോള്‍ നിലനില്‍ക്കില്ലെന്ന് റയല്‍ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി പറഞ്ഞു.
പന്ത് ടച്ച് ലൈന്‍ കടന്നശേഷമാണ് ഡിബ്രൂയിനെ ആ ഗോള്‍ നേടിയതെന്ന് ആഞ്ചലോട്ടി പറഞ്ഞു. അതിന് മുമ്പ് റയലിന് അനുകൂലമായ കോര്‍ണര്‍ റഫറി അനുവദിച്ചില്ലെന്നും മത്സരം നിയന്ത്രിച്ച റഫറി ആര്‍തര്‍ സോറസ് ഡയസിന്റെ ശ്രദ്ധയില്ലായ്മയാണ് മത്സരം സമനിലയാവാന്‍ കാരണമെന്നും ആഞ്ചലോട്ടി ആരോപിച്ചു.
തനിക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയെന്നും തനിക്കല്ല ഗ്രൗണ്ടിലാണ് അത് നല്‍കേണ്ടിയിരുന്നതെന്നും ആഞ്ചലോട്ടി പറഞ്ഞു. റയല്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്വയുടെ മികച്ച പ്രകടനമാണ് സിറ്റിയെ തടഞ്ഞത്. നിര്‍ണായകമായ രണ്ടാംപാദ മത്സരം 17 ന് ഇത്തിഹാദില്‍ നടക്കും.