കോലിയുടെ മകള്‍ക്കും അനുഷ്‌കയ്ക്കുമെതിരെ ഭീഷണി; കേസ് റദ്ദാക്കി ഹൈക്കോടതി

ഐഐടി ബിരുദധാരിയായ ഹൈദരാബാദ് സ്വദേശിക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയാണു റദ്ദാക്കിയത്

author-image
Greeshma Rakesh
New Update
കോലിയുടെ മകള്‍ക്കും അനുഷ്‌കയ്ക്കുമെതിരെ ഭീഷണി; കേസ് റദ്ദാക്കി ഹൈക്കോടതി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഐഐടി ബിരുദധാരിയായ ഹൈദരാബാദ് സ്വദേശിക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയാണു റദ്ദാക്കിയത്. പ്രതിയായ രാംനഗേഷ് അകുബതിനിയെ കുറ്റവിമുക്തനാക്കാന്‍, പരാതി നല്‍കിയ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ അനുവദിച്ചതോടെയാണ് കോടതി നടപടി.

ജസ്റ്റിസ് എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2021 ഒക്ടോബറില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു പിന്നാലെ രാംനഗേഷ് കോലിയുടെ മകള്‍ക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ സമൂഹമാധ്യമ്യം വഴി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌തെന്നായിരുന്നു പരാതി.

ഐപിസി, ഐടി ആക്ട് തുടങ്ങിയവയിലെ കുറ്റങ്ങള്‍ ചുമത്തി 2021 നവംബറിലാണു പ്രതിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തെങ്കിലും, ഒന്‍പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് 2022 ഫെബ്രുവരിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചു.

കേസുള്ളതിനാല്‍ വിദേശത്തേക്കു ജോലിക്കായി പോകാന്‍ സാധിക്കുന്നില്ലെന്നാണു പ്രതിയുടെ പരാതി. കേസ് റദ്ദാക്കാന്‍ അനുവാദമുണ്ടെന്നു കാണിച്ച് തിങ്കളാഴ്ചയാണ് പരാതിക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

Virat Kohli Anushka Sharma Latest News