ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്

ഫൈനലില്‍ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരത്തിലെ വിജയികളെയാകും ഇന്ത്യ നേരിടുക.തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് ഫൈനല്‍ പോരാട്ടം.

author-image
Greeshma Rakesh
New Update
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്

 

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലിലേയ്ക്ക്. ബംഗ്ലദേശിനെ തകര്‍ത്താണ് ഇന്ത്യയുടെ കുതിപ്പ്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 51 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

70 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഫൈനലില്‍ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരത്തിലെ വിജയികളെയാകും ഇന്ത്യ നേരിടുക.തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് ഫൈനല്‍ പോരാട്ടം.

 

ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ബംഗ്ലദേശിന് പിടിച്ചു നില്‍ക്കാനായില്ല. 17 പന്തില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ടീമില്‍ രണ്ടക്കം കടന്ന ഏകബാറ്ററും നിഗര്‍ സുല്‍ത്താനയാണ്. ബംഗ്ലദേശ് ടീമിന് ഇന്നിങ്‌സില്‍ ആകെ നേടാനായത് നാലു ഫോറുകള്‍ മാത്രമാണ്.

 

ഇന്ത്യയ്ക്കായി പൂജ വസ്ത്രകാര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. ടിറ്റസ് സാധു, അമന്‍ജ്യോത് കൗര്‍, രാജേശ്വരി ഗെയ്ക്വാദ്, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥനയെ തുടക്കത്തില്‍തന്നെ ഇന്ത്യയ്ക്കു നഷ്ടമായി.

12 പന്തില്‍ ഏഴ് റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഓപ്പണര്‍ ഷെഫാലി വര്‍മയും (21 പന്തില്‍ 17), ജെമീമ റോഡ്രിഗസും (15 പന്തില്‍ 20) ചേര്‍ന്നതോടെ ഇന്ത്യ അനായാസം വിജയത്തിലേക്കു കുതിച്ചു. മലയാളി താരം മിന്നു മണി ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഇറങ്ങിയില്ല.

asian games 2023 Womens Cricket Final Indian Women Cricket Team Bangladesh Women Cricket Team