ഹാങ്ഷോ: ഏഷ്യന്‍ ഗെയിംസില്‍ വ്യാഴാഴ്ച ഇന്ത്യക്ക് മൂന്നു സ്വര്‍ണംകൂടി. അമ്പെയ്ത്തിലും സ്‌ക്വാഷിലുമാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ -ഹരീന്ദര്‍ പാല്‍ സിങ് സന്ധു സഖ്യം സ്വര്‍ണം നേടി.
ഫൈനലില്‍ മലേഷ്യയെ 2-0നു കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. സ്‌ക്വാഷ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ മലേഷ്യയുടെ എയ്ന്‍ യോ എന്‍ജിയോടാണ് താരം പരാജയപ്പെട്ടത്. നേരത്തേ പുരുഷ ടീം വിഭാഗത്തില്‍ സൗരവ് അടങ്ങിയ സംഘം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.
അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ അഭിഷേക് വര്‍മ, ഓജസ് പ്രവീണ്‍, പ്രഥമേഷ് സമാധാന്‍ സഖ്യം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെതിരേ 235-230 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണു ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ മറികടന്ന് സ്വര്‍ണം നേടിയത്.
വനിതകളുടെ 53 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്ന അന്തിം പംഗല്‍ വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ അന്തിം മംഗോളിയയുടെ ബാറ്റ് ഒച്ചിറിന്‍ ബോലോര്‍ട്ടുയയെ കീഴടക്കി.21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 86 ആയി.