ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്തു

ആവേശം നിറഞ്ഞ ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.

author-image
Priya
New Update
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്തു

ചെന്നൈ: ആവേശം നിറഞ്ഞ ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫില്‍ ഇന്ത്യയുടെ നാലാം കീരിടനേട്ടമാണിത്.രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമാണ് ഇന്ത്യ ഗംഭീര തിരിച്ചു വരവ് നടത്തിയത്.

 

ഇന്ത്യയ്ക്കു വേണ്ടി ഒമ്പതാം മിനുട്ടില്‍ ജുഗ് രാജ് സിങ് ആദ്യ ഗോള്‍ നേടി. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മലേഷ്യ തിരിച്ചടിച്ചു. 14-ാം മിനുട്ടില്‍ അബു കമല്‍ അസ്രായിയാണ് മലേഷ്യയെ ഒപ്പമെത്തിച്ചത്.

18-ാം മിനിറ്റില്‍ റാസി റഹീമിലൂടെ മലേഷ്യ മുന്നിലെത്തി. 28-ാം മിനിറ്റില്‍ അമീനുദ്ദീന്‍ മുഹമ്മദ് മൂന്നാം ഗോളും നേടി. എന്നാല്‍ ഇന്ത്യ അവസാന ക്വാര്‍ട്ടറിന് മുമ്പ് ഒരു ഗോള്‍ മടക്കി.

നായകന്‍ ഹര്‍മന്‍ പ്രീത് സിങിലൂടെയാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്.പിന്നാലെ ഗുര്‍ജന്ത് സിങിലൂടെ ഇന്ത്യ സമനില പിടിച്ചു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളോടെ ഇന്ത്യ കീരീടം ഉറപ്പിച്ചു.

56-ാം മിനിറ്റില്‍ ആകാശ് ദീപ് സിങാണ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തിയത്.വിജയം നേടിയതോടെ ഏറ്റവും കൂടുതല്‍ തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ടീമായി ഇന്ത്യ മാറി. നാലു തവണയാണ് ഇന്ത്യ കിരീടം നേടുന്നത്. മൂന്നു തവണ കിരീടം നേടിയ പാകിസ്ഥാന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്.

 

asian champions trophy