ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം മൂന്നു സ്വര്‍ണവുമായി ഇന്ത്യ. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയാണ് ആദ്യ സ്വര്‍ണം നേടിയത്.
പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സിറോജും പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ മലയാളിയായ അബ്ദുല്ല അബൂബക്കറും സുവര്‍ണ നേട്ടം സ്വന്തമാക്കി. വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്ര വെങ്കലം നേടി.
ഹര്‍ഡില്‍സ് ഫൈനലില്‍ 13.09 സെക്കന്‍ഡിലാണ് ജ്യോതി യാരാജി മത്സരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ മൂന്നാം ഏഷ്യന്‍ ചാംപ്യന്‍ഷിപ് മെഡലാണ് അജയ് കുമാര്‍ സ്വന്തമാക്കിയത്. 2017ല്‍ സ്വര്‍ണവും 2019ല്‍ വെള്ളിയും നേടിയിരുന്നു.
സീസണിലെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് (16.92 മീറ്റര്‍) അബ്ദുല്ല അബൂബക്കര്‍ ഇന്ത്യക്കായി മൂന്നാം സ്വര്‍ണം നേടിയത്. മൂന്നു സ്വര്‍ണവും രണ്ടു വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി.